പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ സാന്ത്വന പരിചരണം സന്നദ്ധ പ്രവർത്തകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രവും പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ശിൽപശാല സംഘടിപ്പിച്ചത്. ഗൃഹ കേന്ദ്രീകൃത പാലിയേറ്റീവ് പരിചരണത്തിന്റെ പ്രാധാന്യം, പ്രസക്തി എന്നിവ സംബന്ധിച്ച് പ്രൊഫ.ഗോകുൽ ദാസ് ശിൽപശാലയിൽ ക്ലാസ് നയിച്ചു. അമ്പതോളം പേർ ഭാഗമായി.

പാലിയേറ്റീവ് പരിചരണത്തിലെ പ്രായോഗിക നിർദ്ദേശങ്ങളെ കുറിച്ച് ഹെൽത്ത് സൂപ്പർവൈസർ കെ രാജീവ്, പാലിയേറ്റീവ് പരിചരണത്തിലെ ഫിസിയോതെറാപ്പി സംബന്ധിച്ച് ഫിസിയോതെറാപ്പിസ്റ്റ് ഷെഹീർ എന്നിവർ വിശദീകരിച്ചു. പാലിയേറ്റീവ് രോഗികളോടുള്ള സമീപന രീതിയെക്കുറിച്ച് സെക്കന്ററി പാലിയേറ്റീവ് നഴ്സ് ജോസ്മി ലിന്റോ പ്രതിപാദിച്ചു.

പരിപാടിയുടെ ഭാഗമായി ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായത്തിന്റെ ആദ്യ ഗഡു വിതരണവും നടന്നു. 2022- 2023 സാമ്പത്തിക വർഷത്തിൽ നിന്ന് 4 ലക്ഷം രൂപയാണ് ഡയാലിസിസ് രോഗികൾക്ക് ചികിത്സാ സഹായത്തിനായി പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. ഒരു രോഗിക്ക് 4000 രൂപ വീതമാണ് മാസം ധനസഹായം.

ശിൽപശാലയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇ കെ നിഷാർ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മൂസ ആലത്തയിൽ, പ്രേമ സിദ്ധാർത്ഥൻ, സിഡിഎസ് ചെയർപേഴ്സൺ ഗിരിജ രാജൻ, അണ്ടത്തോട് എഫ് എച്ച് സി മെഡിക്കൽ ഓഫീസർ അനുലക്ഷമി, ഹെൽത്ത് ഇൻസ്പെക്ടർ റോബിൻസൺ, വാർഡ് മെമ്പർമാർ, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.