മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും;  ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം

27-ാമത് ഐ.എഫ്.എഫ്.കെ വെള്ളിയാഴ്ച  വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സാംസ്‌കാരിക മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും.

ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകി മുഖ്യമന്ത്രി ആദരിക്കും. യാത്രാനിയന്ത്രണങ്ങൾ കാരണം മേളയിൽ നേരിട്ടു പങ്കെടുക്കാൻ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചൽ സംഗാരി അവാർഡ് ഏറ്റുവാങ്ങും. ജൂറി ചെയർമാനും ജർമ്മൻ സംവിധായകനുമായ വീറ്റ് ഹെൽമർ ചടങ്ങിൽ സന്നിഹിതനായിരിക്കും.പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന് നൽകി ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ മേയർ ആര്യാ രാജേന്ദ്രന് ഫെസ്റ്റിവൽ ബുള്ളറ്റിൻ നൽകി പ്രകാശനം ചെയ്യും. ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവൽ  പതിപ്പ് അഡ്വ.വി.കെ പ്രശാന്ത് എം.എൽ.എ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുണിന് നൽകി പ്രകാശനം ചെയ്യും. ഫെസ്റ്റിവൽ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, ഫെസ്റ്റിവൽ എക്സിക്യുട്ടീവ് ഡയറക്ടറും അക്കാദമി സെക്രട്ടറിയുമായ സി.അജോയ്, ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുർബയൻ ചാറ്റർജിയുടെ സിതാർ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. മികച്ച ഉപകരണസംഗീതജ്ഞനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം 15-ാം വയസ്സിൽ നേടിയ പുർബയൻ ചാറ്റർജി ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ലോകത്തെ വിവിധ സംഗീതധാരകളുമായി സമന്വയിപ്പിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിൽ സിതാർ കച്ചേരി നടത്തിയിട്ടുണ്ട്. സംഗീത പരിപാടിക്കുശേഷം ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദർശിപ്പിക്കും. ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദർശനമാണിത്. കഴിഞ്ഞ മെയിൽ നടന്ന കാൻ ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും കാൻ 75-ാം വാർഷിക പുരസ്‌കാരം നേടുകയും ചെയ്ത ചിത്രം, ആഫ്രിക്കയിൽ ജനിച്ച് ബെൽജിയം തെരുവുകളിൽ വളരുന്ന അഭയാർത്ഥികളായ ഒരു ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.

ഡിസംബർ 9 മുതൽ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 70 രാജ്യങ്ങളിൽനിന്നുള്ള 186 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളും മലയാളം സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 78 സിനിമകൾ പ്രദർശിപ്പിക്കും. 12 സിനിമകളുടെ ആദ്യപ്രദർശനത്തിന് മേള വേദിയാവും. 14 തിയേറ്ററുകളിലായാണ് പ്രദർശനം നടക്കുക. 12000ത്തോളം ഡെലിഗേറ്റുകൾ പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് , ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, ഫെസ്റ്റിവൽ ഡയറക്ടർ ദീപിക സുശീലൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.