ഹോം ഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ് തുടങ്ങി സേനാ വിഭാഗങ്ങളുടെ റൈസിംഗ് ഡേ ദിനാചരണം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആഘോഷിച്ചു. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ്‌സ് റൈസിംഗ് ഡേ പരേഡ് ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ സല്യൂട്ട് സ്വീകരിച്ചു. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നായി 150 ഹോം ഗാര്‍ഡ്‌സ് ആന്‍ഡ് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ പരേഡില്‍ പങ്കെടുത്തു.

വനിതാ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് സ്വയം സുരക്ഷ പരിശീലനം, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നിന്നുള്ള വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ പരിശീലന ക്ലാസ് നല്‍കി. വിവിധ തരത്തിലുള്ള അഗ്നിശമന മാര്‍ഗങ്ങളുടെ മാതൃകയും ലഹരി വിരുദ്ധ റോഡ് ഷോയും റൈസിംഗ് ഡേയുടെ ഭാഗമായി നടന്നു. തൃശൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ വിജയ് കൃഷ്ണ, തൃശൂര്‍ സിവില്‍ ഡിഫന്‍സ് കോ-ഓര്‍ഡിനേറ്റര്‍ വിഎസ് സ്മിനേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡിസംബര്‍ 12 വരെ നീണ്ടുനില്‍ക്കുന്ന ഒരാഴ്ചക്കാലം രക്തദാന ക്യാമ്പുകള്‍, പ്രഥമ ശുശ്രൂഷ, ഗാര്‍ഹിക സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍, ഡെമോണ്‍സ്‌ട്രേഷന്‍, മോക്ഡ്രില്‍, ലഘുലേഖാ വിതരണം, ദുരന്തലഘൂകരണം ലക്ഷ്യമിട്ട് ദുരന്തമേഖലകളെക്കുറിച്ചുള്ള സര്‍വ്വേ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ് റൈസിംഗ് ഡേ ആചരണത്തിന്റെ ഭാഗമായി നടക്കും.