മടങ്ങിയെത്തിയ പ്രവാസികൾക്ക് സ്വന്തം നാട്ടിൽ ആരംഭിക്കുവാൻ കഴിയുന്ന വിവിധ സ്വയംതൊഴിൽ സംരംഭങ്ങളുടെ സാധ്യതകൾ പരിചയപ്പെടുത്തുവാൻ നോർക്ക റൂട്ട്‌സ് ശിൽപശാല സംഘടിപ്പിക്കുന്നു. നോർക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് മുഖേനയാണ് ശിൽപശാലകൾ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, തിരുവല്ല, ആലപ്പുഴ, മൂവാറ്റുപുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ശിൽപശാലകൾ നടക്കുക. ഭക്ഷ്യാധിഷ്ഠിതം, സേവനമേഖല, മൃഗപരിപാലനം, ടൂറിസം, എൻജിനിയറിങ്, കെമിക്കൽ തുടങ്ങിയ മേഖലകളിലെ സംരംഭക സാധ്യതകൾ പരിചയപ്പെടുത്തും. സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുവാൻ താൽപര്യമുള്ള മടങ്ങിവന്ന പ്രവാസികൾക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും മൂന്നു ശതമാനം പലിശ സബ്‌സിഡിയോടുകൂടിയ വായ്പകൾ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി ലഭ്യമാണ്.

രണ്ടുവർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം സ്ഥിരമായി തിരികെയെത്തിയവർക്ക് അപേക്ഷിക്കാം. ശിൽപശാലകളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 8078249505 എന്ന വാട്ട്‌സപ്പ് നമ്പരിലോ 0471 2329738 എന്ന നമ്പരിലോ ബന്ധപ്പെട്ട് വിശദാംശങ്ങൾ സഹിതം ഡിസംബർ 12ന് മുൻപ് രജിസ്റ്റർ ചെയ്യണം.