സന്നിധാനത്തെ ഹോട്ടലുകളിലും ജ്യൂസ് കടകളിലും പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്. ഭക്തജനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് പതിവ് പരിശോധനകള്‍ക്ക് പുറമെ പ്രത്യേക പരിശോധനകൂടി ആരംഭിച്ചിരിക്കുന്നത്.

ഹോട്ടലുകളിലെയും മറ്റ് ഭക്ഷണശാലകളിലെയും ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയും അമിത വില ഈടാക്കുന്നത് തടയുകയുമാണ് പരിശോധനയുടെ ലക്ഷ്യം.

പഴകിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്നുണ്ടോ എന്നും വൃത്തിഹീനമായിട്ടാണോ പാചകം, ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍, കൃത്യമായ രീതിയില്‍ മാലിന്യം നിര്‍മ്മാര്‍ജ്ജനം നടത്തുന്നുണ്ടോ, കാലാവധി കഴിഞ്ഞ സാധനങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ, ജോലിക്കാര്‍ക്ക് ഹെത്ത് കാര്‍ഡുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധനാ സംഘം വിലയിരുത്തുന്നത്. പരിശോധന തുടരുമെന്നും ഭക്തജനങ്ങള്‍ക്ക് വൃത്തിയുള്ള സാഹചര്യത്തില്‍ നല്ല ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഡിസംബര്‍ 8 ന് (വ്യാഴാഴ്ച) നടന്ന പരിശോധനയ്ക്ക് സന്നിധാനം മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. വിനീത് നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി സന്തോഷ് , ടി. ഗോപകുമാര്‍, എസ്.കെ പ്രദീപ്, എസ്. ഷൈന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.