ഉത്പാദന – സേവന മേഖലകളിൽ സംസ്ഥാനത്ത് മുന്നിൽ തൃശൂർ

സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ ആരംഭിച്ചത് 10,028 പുതിയ സംരംഭങ്ങൾ. ഈ സാമ്പത്തിക വർഷത്തിൽ 13,533 സംരംഭങ്ങൾ എന്ന ലക്ഷ്യമാണ് ജില്ല കൈവരിക്കേണ്ടത്. ഇതിന്റെ 74.1 ശതമാനം ഇതിനോടകം പൂർത്തീകരിച്ചു. 520.04 കോടി രൂപയുടെ മൂലധന നിക്ഷേപവും, 21,214 പേർക്ക് പുതുതായി തൊഴിൽ നൽകാനും പദ്ധതിയിലൂടെ സാധിച്ചു.

ഉത്പാദന – സേവന മേഖലകളിൽ സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചതും തൃശൂർ ജില്ലയിലാണ്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സംരംഭങ്ങൾ തുടങ്ങിയതും ജില്ലയിലാണ്.ഗുരുവായൂർ മുനിസിപ്പാലിറ്റിയും, കൈപ്പറമ്പ് പഞ്ചായത്തും അനുവദിച്ച ലക്ഷ്യത്തിന്റെ നൂറ് ശതമാനം പുരോഗതി കൈവരിച്ച് കഴിഞ്ഞു. ജില്ലയിലെ മറ്റ് എൽ.എസ്.ജി.ഡി കളിലും പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലയ്ക്ക് അനുവദിച്ച ലക്ഷ്യം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി 105 ഇന്റേൺസിനെ വിവിധ എൽ.എസ്.ജി.ഡികളിൽ നിയമിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഒന്നാം ഘട്ടമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ശിൽപശാലകൾ സംഘടിപ്പിച്ചു. രണ്ടാം ഘട്ടമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലോൺ/ലൈസൻസ് മേളകൾ സംഘടിപ്പിച്ചു. ഈ ലോൺ മേളയിൽ ജില്ലയിലെ വിവിധ ബാങ്കുകളുടെ പ്രതിനിധികളും, വിവിധ ഡിപ്പാർട്ട്മെന്റുകളുടെ പ്രതിനിധികളും പങ്കെടുത്തു.

ജില്ലയിലെ അഞ്ച് താലൂക്ക് വ്യവസായ ഓഫീസുകളുടെ പരിധിയിലുള്ള 94 എൽ.എസ്.ജി.ഡികളിലായി നടന്ന ലോൺ മേളകളിൽ 335 സംരംഭകർക്കായി 1790.3 ലക്ഷം രൂപയുടെ വായ്‌പ വിതരണം ചെയ്‌തു. വിവിധ വകുപ്പുകളുടെ ലൈസൻസുകൾക്കായി ലഭിച്ച അപേക്ഷകളിൽ 319 ലൈസൻസുകൾ മേളയിൽ വിതരണം ചെയ്‌തു. കൂടാതെ ജില്ലയിലെ എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലും എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, സംരംഭക വര്‍ഷവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി അവലോകന യോഗം നടത്തി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സംരംഭക വർഷം പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനുവേണ്ടി ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അടുത്ത ആഴ്ച്ച ചേരും