കുന്നംകുളം നഗരസഭയില്‍ അടിയന്തിര യോഗം

കുന്നംകുളം നഗരത്തിലെ ബസ് ഗതാഗതവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് ഇന്ന് മുതല്‍ (ഡിസം. 9) താത്കാലിക പരിഹാരമാകുന്നു.യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ നഗരത്തിലെ ബസ് ഗതാഗതം ക്രമീകരിക്കാമെന്ന് ബസുടമകളും പ്രതിനിധികളും ജീവനക്കാരും നഗരസഭയ്ക്കും പോലീസിനും ഉറപ്പുനല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച മുതല്‍ മാറ്റം നടപ്പിലാക്കുമെന്ന് ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ നഗരസഭയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തില്‍ അറിയിച്ചു.

ഇപ്പോള്‍ വടക്കുഭാഗത്തു നിന്നും വരുന്ന എല്ലാ ബസുകളും പാറേമ്പാടത്തു നിന്ന് അയ്യപ്പത്ത് റോഡിലൂടെ വന്ന് സീനിയര്‍ ഗ്രൌണ്ട് – ഒനീറോ ജംക്ഷന്‍ – നഗരസഭ ഓഫീസിനു മുന്‍വശം എന്നിവയിലൂടെയാണ് പുതിയ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ വടക്കുഭാഗത്തു നിന്നു വരുന്ന എല്ലാ ബസുകള്‍ക്കും അയ്യപ്പത്ത് റോഡില്‍ നിന്ന് പഴയ സ്റ്റാന്‍ഡിനു മുന്നിലൂടെ തൃശൂര്‍ റോഡിലെത്തി ബസ് ബേയിലേക്ക് കയറ്റി നിര്‍ത്തും. വടക്കാഞ്ചേരി ഭാഗത്തു നിന്നുള്ള ബസുകള്‍ക്കും ഇത് ബാധകമാക്കി. ഇവിടെ ബസുകള്‍ നിര്‍ത്തിയിട്ട് ആളെ കയറ്റരുത്.

വടക്കുഭാഗത്തു നിന്നും കുന്നംകുളത്തേക്കു വരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ പട്ടാമ്പി റോഡിലെ കലുങ്ക് നിര്‍മ്മാണം കഴിയുന്നതുവരെ പുതിയ സ്റ്റാന്‍ഡിലേക്ക് കയറരുത്. ഇവയും ബസ് ബേയിലേക്ക് നീക്കി നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യാം. എന്നാല്‍ തൃശൂര്‍, ഗുരുവായൂര്‍ ഭാഗങ്ങളില്‍ നിന്ന് തിരിച്ചു കുന്നംകുളത്തേക്കു വരുന്ന എല്ലാ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും പുതിയ സ്റ്റാന്‍ഡില്‍ കയറി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും വേണം. ഈ തീരുമാനം ബസുടമകളും പ്രതിനിധികളും ജീവനക്കാരും അംഗീകരിച്ചു. ഇത് സ്വന്തം ഉത്തരവാദിത്തത്തില്‍ തന്നെ നടപ്പാക്കാമെന്ന് നഗരസഭയ്ക്കും പോലീസിനും ബസുടമകൾ ഉറപ്പുനല്‍കി.

പട്ടാമ്പി റോഡിലെ കലുങ്ക് നിര്‍മ്മാണം കഴിഞ്ഞ് ഗതാഗതം സുഗമമായാല്‍ വടക്കുഭാഗത്തു നിന്നു വരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ പുതിയ സ്റ്റാന്‍ഡില്‍ പ്രവേശിക്കാമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ നഗരത്തിലെത്തുന്ന മുഴുവന്‍ ഓര്‍ഡിനറി ബസുകളും പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. ഇവ സര്‍വ്വീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാകണം. പഴയ ബസ് സ്റ്റാന്‍ഡ് സമാന്തര ബസ് സ്റ്റാന്‍ഡായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി കനത്ത നടപടിയുണ്ടാകുമെന്നും ചെയര്‍പേഴ്സണും സിഐ യു കെ ഷാജഹാനും മുന്നറിയിപ്പു നല്‍കി.

പഴയ സ്റ്റാന്‍ഡിനു മുന്നിലും ഹെര്‍ബര്‍ട്ട് റോഡിലേക്കിറങ്ങുന്നിടത്തും പോലീസ് മുഴുവന്‍ സമയ ഗതാഗതം നിയന്ത്രിക്കും. കൂടുതല്‍ പോലീസ് സേവനം വരും ദിവസങ്ങളില്‍ ഉറപ്പുവരുത്തുമെന്നും സിഐ യോഗത്തെ അറിയിച്ചു. ബസുകള്‍ പുതിയ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നുണ്ടെന്ന് ബസ് ഉടമകളും ജീവനക്കാരും ഉറപ്പുവരുത്താമെന്നും ബസുടമകള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നിലവില്‍ വന്ന താത്കാലിക ഗതാഗത സംവിധാനത്തില്‍ ഏറെ സമയനഷ്ടം ഉണ്ടെന്ന ബസുടമകളുടെ പരാതി പരിഗണിച്ചാണ് പുതിയ തീരുമാനം. പ്രധാനമായും പുതിയ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക, നഗരത്തിലെ തിരക്ക് കുറയ്ക്കുക, പഴയ ബസ് സ്റ്റാന്‍ഡ് സമാന്തര സ്റ്റാന്‍ഡായി ഉപയോഗിക്കാതിരിക്കുക എന്നീ ആവശ്യങ്ങളാണ് നഗരസഭയും പോലീസും ബസുടമകളോടും സംഘടന പ്രതിനിധികളോടും ആവശ്യപ്പെട്ടത്.

യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, പ്രിയ സജീഷ്, കെബിടിഎ പ്രതിനിധി വി വി. മുജീബ് റഹ്മാന്‍, പിബിഒഎ പ്രതിനിധി പി മുകേഷ് കുമാര്‍, ഫൈസല്‍, ജിജോ തുടങ്ങിയവര്‍ പങ്കെടുത്തു.