നെടുങ്കണ്ടത്ത് പുതുതായി ആരംഭിക്കുന്ന മാര്‍ക്കറ്റ് സമുച്ചയത്തിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പൈലിംഗ് ജോലികളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

19 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന മാര്‍ക്കറ്റ് സമുച്ചയത്തിന്റെ ആദ്യഘട്ട നിര്‍മ്മാണമാണ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ അഞ്ചുകോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എട്ട് മാസത്തിനുള്ളില്‍ ആദ്യ ഘട്ടം പൂര്‍ത്തീകരിക്കും. മൂന്ന് നിലകളിലായി 30 വാണിജ്യ കടകളും, മത്സ്യ- മാംസ, പച്ചക്കറി സ്റ്റാളുകള്‍, എക്‌സ്പാന്‍ഷന്‍ ജോയിന്റ്, റാമ്പ് എന്നിവയുടെ നിര്‍മ്മാണമാണ് നടത്തുന്നത്. രണ്ടാം ഘട്ടത്തില്‍ പാര്‍ക്കിംഗ് സൗകര്യങ്ങളടക്കമുള്ള മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. നാല് വര്‍ഷത്തിനുള്ളില്‍ മാര്‍ക്കറ്റ് സമുച്ചയ നിര്‍മാണം പൂര്‍ത്തിയാക്കും.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു സഹദേവന്‍, സുരേഷ് പള്ളിയാടിയില്‍, വിജിമോള്‍ വിജയന്‍, സിജോ നടയ്ക്കല്‍, എം.എസ് മഹേശ്വരന്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍, രാഷ്ട്രീയ സാമൂഹ്യ പാര്‍ട്ടി നേതാക്കളായ എം.എന്‍.ഗോപി, തമ്പി സുകുമാരന്‍, പി.എം ആന്റണി, ആര്‍. സുരേഷ്, ജെയിംസ് മാത്യു, പഞ്ചായത്ത് സെക്രട്ടറി എ.വി അജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.