സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി ഡിസംബര്‍ 14,15 തീയതികളില്‍ അണക്കരയില്‍ നടത്തുന്ന ഇടുക്കി ജില്ലാ കേരളോത്സവത്തിന്റെ വിജയകരമായ നടത്തിപ്പ് സംബന്ധിച്ച് ആലോചിക്കുന്നതിനും സംഘാടകസമിതി രൂപീകരിക്കുന്നതിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പിന്റെ അധ്യക്ഷതയിൽ അണക്കര സെന്റ് തോമസ് പാരിഷ് ഹാളില്‍ യോഗം ചേർന്നു.
അഡ്വ. ഡീൻ കുര്യാക്കോസ് എംപി, എം എം മണി എം എൽ എ, വാഴൂർ സോമൻ എം എൽ എ, പി ജെ ജോസഫ് എം എൽ എ, അഡ്വ. എ രാജ എം എൽ എ ,ജില്ലാ കളക്ടർ ഷീബ ജോർജ് എന്നിവർ രക്ഷാധികാരികളായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ചെയര്‍മാനായ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി തങ്കച്ചൻ പി. ജെ. യാണ് ജനറൽ കൺവീനർ. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആണ് കലാമത്സരങ്ങളുടെ കൺവീനർ. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയാണ് കായിക മത്സരങ്ങളുടെ കൺവീനർ. തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍/ അധ്യക്ഷമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, യുവജന ക്ഷേമ ബോര്‍ഡ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. വിവിധ വിഭാഗങ്ങളിലായി പത്ത് സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
സംസ്ഥാന തല കേരളോത്സവം ഡിസംബർ 18 ന് ആരംഭിക്കും. ഓൺലൈൻ രജിസ്ട്രേഷൻ 16 ന് മുൻപായി നടത്തേണ്ടത് പരിഗണിച്ച് ജില്ലാ തല മത്സരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. കൂടുതൽ വേദികളിൽ മത്സരങ്ങൾ കുറ്റമറ്റ രീതിയിൽ സമയബന്ധിതമായി തീർക്കാൻ പൊതു അഭിപ്രായം ഉയർന്നു. ഉദ്ഘാടന ദിവസം വിപുലമായ റാലി സംഘടിപ്പിക്കും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ കുമാരി മോഹൻകുമാർ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. രാമചന്ദ്രൻ, കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ, വണ്ടന്മേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ശ്രീധരൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാരിച്ചൻ നീർണാകുന്നേൽ, എസ്. പി. രാജേന്ദ്രൻ, ഉടുമ്പൻചോല തഹസിൽദാർ റജി ഇ എം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജെ തങ്കച്ചൻ, യുവജനക്ഷേമ ബോർഡ് ജില്ലാ കോ ഓഡിനേറ്റർ രമേശ് കൃഷ്ണൻ, യൂത്ത് പ്രോഗ്രാം ഓഫിസർ ശങ്കർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, യുവജനസംഘടന ഭാരവാഹികള്‍, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.