ജില്ലാ കേരളോത്സവത്തിന് കൂട്ടാലിടയിൽ സമാപനമായി. മേയർ ഡോ.ബീന ഫിലിപ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കലാമത്സരങ്ങളിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തി. 228 പോയിന്റാണ് ചേളന്നൂർ കരസ്ഥമാക്കിയത്. 201 പോയിന്റോടെ വടകര ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും 180 പോയിന്റോടെ കൊയിലാണ്ടി മുനിസിപ്പാലിറ്റി മൂന്നാം സ്ഥാനവും നേടി.
കഴിഞ്ഞ മൂന്ന് ദിനങ്ങളായി അവിടനല്ലൂർ എൻ.എൻ. കക്കാട് സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ ഉൾപ്പെടെയുള്ള നാല് വേദികളിലായാണ് കലാമത്സരങ്ങൾ നടന്നത്. സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ പഞ്ചായത്തുമായി ചേർന്നാണ് ജില്ലാ കേരളോത്സവം നടത്തുന്നത്.
കായിക മത്സരത്തിലെ ബാക്കിയുള്ള ഇനം കൂടി പൂർത്തിയായ ശേഷം ഡിസംബർ 16 ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന ചടങ്ങിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് പ്രഖ്യാപിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുക്കം മുഹമ്മദ്, റസിയ തോട്ടായി, നാസർ എസ്റ്റേറ്റ് മുക്ക്, കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വിലാസിനി, സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ ദിപു പ്രേംനാഥ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദൻ പൃത്തിയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് സ്വാഗതവും ജില്ലാ യൂത്ത് കോഡിനേറ്റർ ടി.കെ സുമേഷ് നന്ദിയും പറഞ്ഞു.