സംസ്ഥാനത്തെ ഓരോ ജില്ലയിലെയും ക്ഷേത്രങ്ങൾ, ജനന മരണ രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ, അഡ്മിനിസ്ട്രേറ്റിവ് അറ്റ്ലസുകൾ… ജനസംഖ്യ സംബന്ധിച്ച വിവരങ്ങളുടെ കലവറയൊരുക്കുകയാണ് സെൻസസ് വകുപ്പ്. കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവത്തിലെ കേന്ദ്ര രജിസ്ട്രാർ ജനറലിന്റെ കാര്യാലയത്തിനുകീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻസ് കേരളയുടെ സ്റ്റാളിലാണ് ഈ വിവരങ്ങൾ കൈപ്പിടിയിലെത്തുന്നത്.

സംസ്ഥാനത്തെ എല്ലാ ജില്ലയിലെയും ക്ഷേത്രങ്ങളെ കുറിച്ചുള്ള ബൃഹത്തായ പുസ്തക ശേഖരം ഏറെ ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. ടെംപ്ൾസ് ഓഫ് കേരള എന്ന പുസ്തകത്തിന് പുറമെ 14 ജില്ലകളിലെയും ക്ഷേത്രങ്ങളെ കുറിച്ചുള്ള പ്രത്യേകം പുസ്തകങ്ങളും സ്റ്റാളിൽ ലഭ്യമാണ്. ദേവസ്വം ക്ഷേത്രങ്ങൾ മുതൽ സ്വകാര്യ ക്ഷേത്രങ്ങളുടെ വരെ വിവരങ്ങളുണ്ട് ഈ പുസ്തകങ്ങളിൽ. ലൈബ്രറികൾക്ക് പുറമെ റിസർച്ച് സ്കോളറുകളും സ്വകാര്യ വ്യക്തികളും ഇവ തേടിഎയെത്തുന്നുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടർ എ ശൈലേന്ദ്ര പറഞ്ഞു.

1872 മുതൽ 2001 വരെയുള്ള ഇന്ത്യയുടെ അഡ്മിനിസ്‌ട്രേറ്റീവ് അറ്റ്ലസും ഇവിടുണ്ട്. 2011ലെ സെൻസസ് അബ്സ്ട്രാക്ടിനും ഹാൻഡ്‌ബുക്കിനും ആവശ്യക്കാർ ഏറെയാണ്. കോളേജ് ലൈബ്രറികളും ഇവ തേടിയെത്തുന്നുണ്ട്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വേണ്ടി വിജ്ഞാനപ്രദമായ നിരവധി പ്രസിദ്ധീകരണങ്ങൾ വില്പനയ്ക്ക് ലഭ്യമാണ്. അഡ്മിനിസ്ട്രേറ്റീവ് അറ്റ്ലസ്, സെൻസസ് ഹാൻഡ്ബുക്ക് 2011, സെൻസസ് 2011 വിവരങ്ങൾ അടങ്ങുന്ന വിവിധ പ്രസിദ്ധീകരണങ്ങൾ, സിഡികൾ, മുൻ സെൻസസ് ഡെപ്യൂട്ടി ഡയറക്ടർ എസ് ജയശങ്കർ രചിച്ച കേരളത്തിലെ ക്ഷേത്രങ്ങളെ കുറിച്ചുള്ള പ്രസിദ്ധീകരണൾ തുടങ്ങിയവ ലഭ്യമാണ്.

ഡിസ്കൗണ്ട് നിരക്കിൽ പ്രസിദ്ധീകരണങ്ങൾ ലഭിക്കും. സെൻസസ് ബോധവൽക്കരണത്തിന്റെ ഭാഗമായി ജനങ്ങൾക്കായി സ്റ്റാൾ സന്ദർശിക്കു സമ്മാനം നേടു എന്ന സമ്മാനപദ്ധതിയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സെൻസസ് വരാനിരിക്കെ കൂടുതൽ അവബോധം സൃഷ്ടിക്കാനുള്ള അവസരം കൂടി ഒരുക്കുകയാണ് വകുപ്പ്.കേരളത്തിൽ സെൻസസ്, സിവിൽ രജിസ്ട്രേഷൻ സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട് രജിസ്ട്രാർ ജനറൽ, ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ചുമതലകൾ വഹിക്കുന്നത് ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻസ് കേരള ആണ്.