ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കലിന് പണം ചെലവഴിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഭൂമി ഏറ്റെടുക്കലിനായി 5,800 കോടി രൂപയാണ് ചെലവഴിച്ചത്. ജനങ്ങൾ സഞ്ചരിക്കുന്ന റോഡുകൾ ആധുനിക നിലവാരത്തിൽ മികച്ചതായിരിക്കണം എന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.

ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്ന പുതുക്കാട്- മണ്ണംപേട്ട റോഡിൻറെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ബി എം ബി സി രീതിയിൽ കേരളത്തിലെ പൊതുമരാമത്ത് റോഡുകളുടെ അമ്പതു ശതമാനവും നവീകരിക്കുകയാണ്. മികവുറ്റ പശ്ചാത്തല വികസനം ഒരുക്കി അടിസ്ഥാനസൗകര്യ വികസനമേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് കേരളത്തിന് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യാഥാർത്ഥ്യമാകില്ലെന്ന് കരുതിയ ദേശീയപാത വികസനം യാഥാർത്ഥ്യമാകുന്നതോടൊപ്പം സമാന്തര പാതകളും വികസിപ്പിക്കുകയാണ്. 13 ജില്ലകളിലൂടെ കടന്ന് പോകുന്ന 1200 km മലയോര ഹൈവേയും 9 ജില്ലകളിലൂടെയുളള തീരദേശ ഹൈവേയും പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

2021-22 ബജറ്റിൽ അനുവദിച്ച മൂന്ന് കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. പുതുക്കാട് ദേശീയപാതയിൽനിന്നും കാഞ്ഞൂർ വഴി ചുങ്കം വരെ 2.30 കിലോമീറ്റർ ദൂരത്തിലാണ് നവീകരണം നടത്തുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. അപകടകരമായ വളവുകൾ നേരെയാക്കുന്നതിൻ്റെയും റോഡ് വീതി കൂട്ടുന്നതിൻ്റെയും ഭാഗമായി പ്രദേശവാസികൾ ഭൂമി വിട്ടുനൽകിയിരുന്നു.

ചടങ്ങിൽ കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ്, അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി എസ് പ്രിൻസ്, സരിത രാജേഷ്, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അൽജോ പുളിക്കൻ,ആൻസി ജോബി,സെബി കൊടിയാൻ, സജനാ ഷിബു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റാബിയ എന്നിവർ പങ്കെടുത്തു.