പ്രദേശത്തെ എല്ലാ സ്കൂളിലുകളിലേക്കും ആവശ്യമായ പച്ചക്കറി തൈകൾ വിതരണം ചെയ്ത് പ്രകൃതി സൗഹൃദ പച്ചക്കറിക്കൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് പറവൂർ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് ഹരിതം പോളി ഹൗസിൽ ഉത്പാദിപ്പിച്ച തൈകളാണ് വിതരണം ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ എല്ലാ സ്കൂളുകളിലും, അഞ്ചു ഗ്രാമപഞ്ചായത്തുകളിലായി 50 മാതൃക കൃഷിത്തോട്ടങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പ്രകൃതി സൗഹൃദ പച്ചക്കറിക്കൃഷി എന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത്. ഇതിൻ്റെ ഭാഗമായി 37 സ്കൂളുകൾക്കാണ് തൈകൾ വിതരണം ചെയ്തത്.

സ്കൂളുകളിൽ പച്ചക്കറിത്തോട്ടം രൂപപ്പെടുത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് വടക്കുംപുറം യു.പി സ്കൂളിൽ നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എസ് സനീഷ്, ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബെന്നി ജോസഫ്, എന്നിവർ പങ്കെടുത്തു.