ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാർ ഇനി കൂടുതൽ സ്മാർട്ടാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്ന നൈപുണ്യ നഗരം പദ്ധതിയിലൂടെയാണ് ആമ്പല്ലൂർ പഞ്ചായത്തിലെ മുതിർന്ന പൗരന്മാർ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ലോകം വിരൽത്തുമ്പിലാക്കുന്നത്.

പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്നായി 50 മുതിർന്നവർ പരിശീലനത്തിൽ പങ്കെടുത്തു. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ എന്നിവയിൽ ഉപയോഗിക്കുന്ന വിവിധ ആപ്ലിക്കേഷനുകൾ എളുപ്പത്തിൽ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിലാണ് ഇവർക്ക് പരിശീലനം നൽകിയത്.

10 ദിവസത്തെ പരിശീലനം പഞ്ചായത്തിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായാണ് സംഘടിപ്പിച്ചത്. ഐ.എച്ച്.ആര്‍.ഡി. യുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മില്ലുങ്കൽ ജംഗ്ഷനിലെ ആഗ്രോമാർട്ടിലാണ് പരിശീലനം സംഘടിപ്പിച്ചത്.

സ്മാര്‍ട്ട് ഫോണുകള്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നതിലെ അറിവില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്ക് ആധുനിക വാര്‍ത്താ വിനിമയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി പഞ്ചായത്തിൽ നടപ്പിലാക്കിയത്.