റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകി വൈപ്പിൻ – പള്ളിപ്പുറം സംസ്ഥാന പാതയിൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട് (കെ.എസ്.ടി.പി) പദ്ധതി നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബുധനാഴ്ച (ഡിസംബർ 14) നിർവ്വഹിക്കും. വൈകിട്ട് ഏഴിന് എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.
ഹൈബി ഈഡൻ എംപി, മുൻമന്ത്രി എസ്. ശർമ്മ എന്നിവർ മുഖ്യാതിഥികളാകും. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി.എം സ്വപ്‌ന റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ തുളസി സോമൻ, ട്രീസ മാനുവൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ത്രിതല തദ്ദേശസ്ഥാപന ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
കെ.എസ്.ടി.പിയിൽ അന്താരാഷ്ട്ര നിലവാരത്തില്‍ റോഡിന്റെ സമഗ്ര വികസനം സാധ്യമാകുമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു. ഇതിനകം പദ്ധതിയിൽ ഏറ്റെടുത്തുകഴിഞ്ഞ റോഡിൽ പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്. 36 കോടി രൂപയാണ് പദ്ധതി ചെലവ്. റോഡ് മാര്‍ക്കിംഗുകള്‍, സുരക്ഷ മുന്നറിയിപ്പ് ബോർഡുകള്‍, നിരീക്ഷണ ക്യാമറകള്‍, നടപ്പാതകള്‍ ഉള്‍പ്പെടെ റോഡ് സേഫ്റ്റി ഇംപ്രൂവ്മെന്റ് വർക്ക്‌സ് വൈപ്പിന്‍ – മുനമ്പം പദ്ധതിയുടെ ഭാഗമായുണ്ടാകും.
പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ കാല്‍നടക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാവേലികളും സീബ്ര ക്രോസിംഗുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാനകളും സ്ഥലലഭ്യത അനുസരിച്ച് ബസ് ബേകളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും പദ്ധതിയിലുണ്ടാകും. 25.18 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
പദ്ധതി ഉദ്ഘാടനത്തിന് മുന്നോടിയായി എടവനക്കാട് പഞ്ചായത്ത് ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ സ്വാഗത സംഘം രൂപീകരിച്ചു. എടവനക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്‌ദുൾസലാമാണ് ചെയർപേഴ്‌സൺ. ജില്ല പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പ്രസിഡന്റുമാരും പഞ്ചായത്ത് വൈസ് പ്രസിഡന്റും പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും അസിസ്റ്റന്റ് എഞ്ചിനീയറും എ.പി പ്രിനിലും ജനറൽ കൺവീനർമാരുമാണ്.