കുമളി ഗ്രാമപഞ്ചായത്തില്‍ ഗ്രീന്‍ കൗണ്ടര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ശബരിമലയിലേക്കുള്ള പ്രധാന ഇടത്താവളമായ കുമളി വഴി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ വിവരങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതിനും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഒഴിവാക്കുക, കുറഞ്ഞ നിരക്കില്‍ അയ്യപ്പഭക്തര്‍ക്ക് തുണിസഞ്ചി ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗ്രീന്‍ കൗണ്ടര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്നത്. കുമളി ഗ്രാമ പഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ശബരിമല തീര്‍ത്ഥാടന കാലയളവില്‍ കുമളിയെയും പരിസര പ്രദേശങ്ങളെയും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം അയ്യപ്പഭക്തര്‍ക്ക് കുറഞ്ഞ നിരക്കില്‍ നിലവാരമുള്ള തുണി സഞ്ചികള്‍ ലഭ്യമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ. എം. സിദ്ദിഖ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരായ നോളി ജോസഫ്, രജനി ബിജു, ടൗണ്‍ വാര്‍ഡ് അംഗം വിനോദ് ഗോപി, പഞ്ചായത്ത് സെക്രട്ടറി സെന്‍കുമാര്‍, ക്ലീന്‍ കുമളി ഗ്രീന്‍ കുമളി മാനേജര്‍ ജെയ്സണ്‍ മാത്യു, വിവിധ രാഷ്ട്രീയ സാമൂഹിക പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.