ചലച്ചിത്ര അക്കാദമി ഡിസംബര്‍ 19 മുതല്‍ 21 വരെ തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 15ന് രാവിലെ 10 ന് ആരംഭിക്കും. പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. iffk.in എന്ന വെബ്‌സൈറ്റില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താം. ഓഫ് ലൈന്‍ രജിസ്‌ട്രേഷന് തളിപ്പറമ്പ് ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള സംഘാടക സമിതി ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.

മൊട്ടമ്മല്‍ മാള്‍, ക്‌ളാസിക് തിയേറ്റര്‍, ആലിങ്കീല്‍ പാരഡൈസ് എന്നീ തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായി 30 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മേളയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറം, എക്‌സിബിഷന്‍, സെമിനാര്‍ എന്നിവയും ഉണ്ടാകും . പുനലൂര്‍ രാജന്റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകള്‍ ഉള്‍പ്പെടുത്തി മാങ്ങാട് രത്‌നാകരന്‍ ക്യുറേറ്റ് ചെയ്ത ‘അനര്‍ഘനിമിഷം’ എന്ന ഫോട്ടോ പ്രദര്‍ശനമാണ് സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് നടക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയില്‍ പ്രേക്ഷകപ്രീതി നേടിയ ഉത്തമ, കണ്‍സേണ്‍ഡ് സിറ്റിസണ്‍, ക്‌ളോണ്‍ഡൈക്, ടഗ് ഓഫ് വാര്‍, മെമ്മറി ലാന്റ് തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വഴക്ക്, ആയിരത്തൊന്നു നുണകള്‍, ഗ്രേറ്റ് ഡിപ്രഷന്‍, നോര്‍മല്‍,ആണ് തുടങ്ങിയ മലയാള ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.