ഓൺലൈൻ സംവിധാനത്തിലൂടെ കൂടുതൽ വേഗത്തിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്ന ഇ-ഹെൽത്ത് പദ്ധതിക്ക് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ തുടക്കമായി. ആരോഗ്യ സേവനവും അവബോധവും ജനങ്ങളിലെത്തിക്കുന്ന നൂതന സംരംഭമാണ് ഇ-ഹെൽത്ത് പദ്ധതി. ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

രോഗികൾക്ക് ലഭിക്കുന്ന ഹെൽത്ത് കാർഡ് വഴി ബുക്കിംഗ്, ഡോക്ടർമാർക്ക് കംപ്യൂട്ടറിൽ രോഗവിവരം ലഭിക്കൽ, മരുന്നുൾപ്പെടെയുള്ള വിവരങ്ങൾ തുടങ്ങിയവയെല്ലാം സാധ്യമാകും. കടലാസ് രഹിതമായി ഡിജിറ്റൽ സംവിധാനത്തിലൂടെ ചികിത്സാസൗകര്യങ്ങൾ ഒരുക്കാനാവുമെന്നതാണ് ഇ-ഹെൽത്തിന്റെ നേട്ടം. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 29 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ ഏഴ് ലക്ഷം രൂപയും ഉപയോഗിച്ചാണ് താലൂക്ക് ആശുപത്രിയിൽ പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷത വഹിച്ചു. ഇ-ഹെൽത്ത് പദ്ധതിയെ കുറിച്ച് ജില്ലാ നോഡൽ ഓഫീസർ ഡോ.പി.പി പ്രമോദ് കുമാർ വിശദീകരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, പഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത്, മെഡിക്കൽ ഓഫീസർ ഡോ. കെ ഗോപാലകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.