ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ ഭാഗമായി നടന്ന ക്ഷീരകര്‍ഷക സെമിനാര്‍ എടത്തറ കോട്ടയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ മിനി ഹാളില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകര്‍ക്ക് കേരഫെഡ് ചെയര്‍മാന്‍ വി. ചാമുണ്ണി ട്രോഫി നല്‍കി ആദരിച്ചു. സംഗമത്തിന്റെ ലോഗോ തയ്യാറാക്കിയ മലപ്പുറം തിരൂര്‍ തുമരക്കാവ് എ.എല്‍.പി സ്‌കൂളിലെ അധ്യാപകന്‍ അസ്ലാം തിരൂരിന് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ് ജയസുജീഷ് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു.
പരിപാടിയില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ അധ്യക്ഷനായി. കേരളശ്ശേരി, പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീബ സുനില്‍, സുമതി, കോങ്ങാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എ ശശികുമാര്‍, ക്ഷീര സംഘം പ്രസിഡന്റുമാരായ ജയകൃഷ്ണന്‍, ബാബുരാജ്, സി.ജെ. ബേബി, പാറശ്ശേരി ക്ഷീരസംഘം സെക്രട്ടറി പി.ബി സജീവ്, ആലത്തൂര്‍ ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ എ. അനുപമ, ജില്ലാ ലീഡ് ബാങ്ക് മനേജര്‍ ആര്‍.പി ശ്രീനാഥ്, ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ഫെമി വി. മാത്യു എന്നിവര്‍ പങ്കെടുത്തു.