ലഹരിക്കെതിരെ ഗോളടിച്ച് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി. ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന്‍ നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ ഊര്‍ജിതമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ എക്‌സൈസ് വകുപ്പും വിമുക്തിയും നടത്തുന്ന ‘ഗോള്‍ ചലഞ്ച് ‘പരിപാടിയില്‍ ഗോള്‍ പോസ്റ്റിലേക്ക് പന്ത് തട്ടി കലക്ടര്‍ പങ്കുചേര്‍ന്നു. സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും പൊതുജനങ്ങളും ലഹരി വിരുദ്ധ ഗോള്‍ തട്ടി. മയക്കുമരുന്നിനെതിരെ ഫുട്‌ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഗോള്‍ ചലഞ്ച് നടന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,തദ്ദേശ സ്വയം ഭരണ വാര്‍ഡുകള്‍, ടര്‍ഫുകള്‍, അയല്‍ക്കൂട്ടങ്ങള്‍, മറ്റ് പൊതു സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ‘ഗോള്‍ ചലഞ്ച് ‘ നടക്കുന്നുണ്ട്. ചടങ്ങില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിമുക്തിയുടെ മാനേജരായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എ.ജെ ബെഞ്ചമിന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത് ബാബു, മാനേജര്‍ രാജീവ്, വിമുക്തി കോര്‍ഡിനേറ്റര്‍ പ്രിയ, പ്രിവന്റീവ് ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.