കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട വ്യവസായ ഉല്‍പ്പന്ന വിപണന മേളക്ക് തുടക്കമായി. കോതമംഗലം അയ്യപ്പക്ഷേത്രത്തിന് മുന്‍വശത്ത് ആരംഭിച്ച മേളയുടെ ഉദ്ഘാടനം കാനത്തില്‍ ജമീല എംഎല്‍എ നിര്‍വ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി താലൂക്ക് പരിധിയിലെ 45 ചെറുകിട വ്യവസായ യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിച്ച വിത്യസ്ത തരം ഉല്‍പ്പന്നങ്ങളാണ് മേളയിലുള്ളത്. വിവിധ കരവിരുതകള്‍, കൈത്തറി, കയര്‍, പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ മേളയില്‍ ലഭ്യമാകും. മേള ഡിസംബര്‍ 18 ന് അവസാനിക്കും.

കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ കെ സത്യന്‍ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഇന്ദിര ടീച്ചര്‍, ഇ.കെ അജിത്ത്, കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹീംകുട്ടി, കെ.കെ വൈശാഖ്, ദൃശ്യ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി അബ്രഹാം സ്വാഗതവും കൊയിലാണ്ടി ഉപജില്ല വ്യവസായ ഓഫീസര്‍ ടി.വി അജിത്കുമാര്‍ നന്ദിയും പറഞ്ഞു.