ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി സംസ്ഥാനത്തെ മാറ്റുന്നത് ലക്ഷ്യമാക്കി വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിനായി ഡിസൈന്‍ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥ്യം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്ക് ബോള്‍ഗാട്ടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ ഭാവി ക്രിയേറ്റീവ് ഇക്കോണമിയിലാണ്. ഇതിനായി സമഗ്രമായ ഡിസൈന്‍ നയം ആവശ്യമാണ്. കൊച്ചി ഡിസൈന്‍ വീക്കില്‍ പങ്കെടുക്കുന്ന ദേശീയ-അന്തര്‍ദേശീയ വിദഗ്ധരെ നയരൂപീകരണത്തില്‍ ഉള്‍പ്പെടുത്തും. സര്‍ഗ്ഗാത്മകതയുടെ ആഗോള ഹബ്ബായി രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. രാജ്യത്തിന്റെ ഡിസൈന്‍ തലസ്ഥാനമായി കേരളത്തെ മാറ്റാണ് പരിശ്രമിക്കുന്നത്. അതിന് വേണ്ട പ്രതിഭ, മികച്ച അന്തരീക്ഷം, മികച്ച സാമൂഹ്യ-സാംസ്‌ക്കാരിക സാഹചര്യങ്ങള്‍ എന്നിവ കേരളത്തിനുണ്ട്. കെ-ഫോണ്‍, മുക്കിലും മൂലയിലുമെത്തുന്ന ഇന്റര്‍നെറ്റ് സംവിധാനം, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം എന്നിവയാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിസൈന്‍ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് ഉടന്‍ തന്നെ സര്‍ക്കാര്‍ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വെളിച്ചെണ്ണ, കശുവണ്ടി, കയര്‍ മുതലായ കേരളത്തിന്റെ തനത് ഉത്പന്നങ്ങള്‍ ഈ ബ്രാന്‍ഡിന് കീഴില്‍ അവതരിപ്പിക്കും. കര്‍ശനമായ ഗുണമേന്മ പരിശോധനകള്‍ക്ക് ശേഷമാകും ഇവ വിപണിയിലിറക്കുന്നത്. ഇതിന്റെ വില്‍പനയ്ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട ഡിസൈനിലൂടെ ഉത്പന്നത്തിന്റെ ഡിമാന്റ്, മൂല്യം, മത്സരശേഷി എന്നിവ വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളുകളിലും കോളേജുകളിലും ഡിസൈന്‍ ചിന്ത വര്‍ധിപ്പിക്കുന്നതിനായി വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ തയ്യാറാക്കിയ താത്പര്യപത്രം വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ അധ്യക്ഷ പോള ഗസാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ അധ്യക്ഷ പോള ഗസാര്‍ഡ്, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ അംഗം പ്രദ്യുമ്‌ന വ്യാസ്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി ഷിബുലാല്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ഐഎസ്ഡിസി എക്‌സിക്യൂട്ടീവ് തെരേസ ജേക്കബ്‌സ്, അസറ്റ് ഹോംസ് എംഡി: വി.സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബോള്‍ഗാട്ടിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ 21 വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും പ്രഭാഷണങ്ങളും നടക്കും. ഡിസൈന്‍ കേരളത്തിലെ സാധ്യതകള്‍, കൊച്ചിയുടെ ഡിസൈന്‍ ഭാവി, മലയാള സിനിമാ വ്യവസായത്തിലെ ഉപയോഗപ്പെടുത്താത്ത അന്താരാഷ്ട്രസാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖരുടെ പാനല്‍ ചര്‍ച്ചയുണ്ടാകും.

വിവിധ മേഖലകളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒരുക്കുന്ന 22 ഇന്‍സ്റ്റലേഷനുകളും ഡിസൈന്‍ വീക്കിന്റെ ആകര്‍ഷണങ്ങളാണ്. ആര്‍ക്കിടെക്ച്ചര്‍, ഡിജിറ്റല്‍ ആര്‍ട്ട്, ഗ്രാഫിക്‌സ്, ദാരുശില്‍പങ്ങള്‍, ചിത്രകല, സൂക്ഷ്മകല തുടങ്ങിയ മേഖലകളിലാണ് ഇന്‍സ്റ്റലേഷനുകള്‍ ഒരുക്കിയിട്ടുള്ളത്. അന്തര്‍ദേശീയ വ്യവസായ സ്ഥാപനങ്ങളായ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ എന്നിവയ്ക്ക് പുറമേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സ് (ഐഐഐഡി), തുടങ്ങിയ ദേശീയ സ്ഥാപനങ്ങളും കൊച്ചി ഡിസൈന്‍ വീക്കുമായി സഹകരിക്കുന്നുണ്ട്.