പ്രവാസികളില്‍ കോവിഡ് ഉണ്ടാക്കിയ ആഘാതം മനസിലാക്കുന്നതിനായി നടത്തുന്ന വിവരശേഖരണത്തിന് തുടക്കമായി.

കോവിഡ് കാലത്ത് പ്രവാസികള്‍ നേരിട്ട വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുളള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, തൊഴില്‍ രഹിതരായി തിരിച്ചെത്തി മടങ്ങിപ്പോകാനാകാത്തവരുടെ സാമൂഹിക സാമ്പത്തിക അവസ്ഥ മനസ്സിലാക്കുക, മടങ്ങിപ്പോകാത്തവര്‍ക്ക് സംസ്ഥാനത്ത് തൊഴില്‍ സംരംഭങ്ങള്‍ ഒരുക്കുക, ഉചിതമായ പുനരധിവാസ പാക്കേജുകള്‍ തയ്യാറാക്കുക, പ്രവാസികളുടെ തൊഴില്‍ നൈപുണ്യം നമ്മുടെ നാട്ടില്‍ ഏത് രീതിയില്‍ ഉപയോഗപ്പെടുത്തിയെന്ന് മനസ്സിലാക്കുക, പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യത, വിദേശത്ത് ചെയ്തിരുന്ന തൊഴില്‍, സാമൂഹ്യ പശ്ചാത്തലം എന്നിവ മനസ്സിലാക്കുക, പ്രവാസികള്‍ അഭിമുഖീകരിക്കുന്ന ഇതര പ്രശ്നങ്ങള്‍, അവരുടെ അഭിരുചികള്‍ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കുക എന്നിവയാണ് സര്‍വെയിലൂടെ കണ്ടെത്തുക. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിലാണ് വിവരശേഖരണം.

സമൂഹത്തിലെ വന്ധ്യത പഠനവും പ്രാചുര്യവും ചികിത്സയും വിവര ശേഖരണത്തിന്റെ പരിധിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. പൊതു- സ്വകാര്യ മേഖലകളിലെ വന്ധ്യത ക്ലിനിക്കുകളുടെ പട്ടിക തയ്യാറാക്കുക, വന്ധ്യത ക്ലിനിക്കുകളില്‍ ലഭിക്കുന്ന സേവനങ്ങളുടെയും സൗകര്യങ്ങളുടെയും വ്യാപ്തി മനസ്സിലാക്കുക, ക്ലിനിക്കുകളില്‍ നിന്നും ദമ്പതിമാര്‍ക്ക് കിട്ടുന്ന സേവനം എത്രമാത്രം സ്വീകാര്യമാണെന്നും ചെലവേറിയതാണെന്നും കണ്ടെത്തുക, ലിംഗ അസമത്വം, വിദ്യാഭ്യാസ യോഗ്യത, സാമ്പത്തിക ഭദ്രത, വന്ധ്യത അനുഭവിക്കുന്ന ദമ്പതികള്‍ അഭിമുഖികരിക്കുന്ന സാമൂഹ്യ, ശാരീരിക മാനസിക പ്രശ്നങ്ങള്‍ മനസ്സിലാക്കുക, വന്ധ്യതയ്ക്ക് കാരണമാകുന്ന വിവിധ അവസ്ഥകളെക്കുറിച്ച് മനസ്സിലാക്കുക എന്നിവയാണ് ഈ സര്‍വെയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ പൊതു- സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വന്ധ്യത ക്ലിനിക്കുകളുടെ പട്ടികയും ഇതിലൂടെ തയ്യാറാക്കും.

ജില്ലയില്‍ നിന്നുള്ള 56 സാമ്പിളുകളടക്കം സംസ്ഥാന തലത്തില്‍ 800 സാമ്പിള്‍ യൂണിറ്റുകളാണ് ആദ്യഘട്ട സര്‍വെയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ വീടുകളെല്ലാം സന്ദര്‍ശിച്ചു ഒന്നാംഘട്ട വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വകുപ്പ് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. വീടുകളില്‍ വിവര ശേഖരണത്തിന് എത്തുന്നവര്‍ക്ക് കൃത്യമായ വിവരം നല്‍കണമെന്നും വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.