കൊച്ചി സിറ്റി റേഷനിങ്, താലൂക്ക് സപ്ലൈ ഓഫീസ് മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്തു

മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വയ്ക്കുന്ന അനര്‍ഹരായ ആളുകളോട് യാതൊരു അനുകമ്പയും പുലര്‍ത്തേണ്ടതില്ലെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കൊച്ചി സിറ്റി റേഷനിങ്, താലൂക്ക് സപ്ലൈ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന അനര്‍ഹര്‍ക്ക് കാര്‍ഡുകള്‍ തരം മാറ്റുന്നതിനായി 10 മാസത്തെ സമയം നല്‍കിയിരുന്നു. 1,72,312 പേരാണ് സ്വയം സന്നദ്ധരായി കാര്‍ഡ് തരംമാറ്റത്തിനു തയ്യാറായത്. അര്‍ഹരായ ആളുകള്‍ക്ക് അവകാശപ്പെട്ട അനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇതുവഴി സാധ്യമായി. മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ള അനര്‍ഹര്‍ക്കെതിരെയുള്ള നിയമ നടപടി വകുപ്പ് ആരംഭിച്ചു. എട്ടായിരം പേര്‍ക്കെതിരെയുള്ള പരാതികള്‍ വകുപ്പിന്റെ പരിഗണനയിലാണ്. 1.27 കോടി രൂപയാണ് ഇതുവരെ പിഴയിനത്തില്‍ ഈടാക്കിയതെന്നും മന്ത്രി പറഞ്ഞു. സ്വയമേ കാര്‍ഡുകള്‍ തരംമാറ്റിയവര്‍ക്കെതിരെ യാതൊരു നിയമ നടപടികള്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നൂറു ശതമാനം റേഷന്‍ കാര്‍ഡുകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഭക്ഷ്യ വിതരണ സമ്പ്രദായത്തെ കുറ്റമറ്റ രീതിയിലേക്ക് എത്തിക്കാന്‍ ഇതുവഴി സാധ്യമായി. പൊതു വിതരണ സംവിധാനം പൂര്‍ണമായും സുതാര്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

വിലക്കയറ്റത്തെ സാധാരണക്കാര്‍ക്ക് ബാധിക്കാത്ത രീതിയില്‍ വിപണി ഇടപെടല്‍ നടത്താന്‍ പൊതു വിതരണ വകുപ്പിന് സാധിച്ചിട്ടുണ്ട്. 13 ഉല്‍പന്നങ്ങള്‍ പകുതി വിലയിലും അരി വിപണി വിലയെക്കാള്‍ താഴെയും വിതരണം വിതരണം ചെയ്യാന്‍ സാധിച്ചത് പൊതുജനങ്ങള്‍ക്ക് സഹായകമായെന്നും മന്ത്രി പറഞ്ഞു.

കെ.ജെ മാക്‌സി എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എമാരായ കെ. ബാബു, കെ.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി. പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണര്‍ ഡോ. ഡി.സജിത്ത് ബാബു, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവല്‍, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം. ഹബീബുള്ള, ജില്ലാ സപ്ലൈ ഓഫീസര്‍ ബി. ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.