ഭക്ഷ്യ-പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ സുതാര്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ദേശീയ ഉപഭോക്തൃ അവകാശ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ടൗണ്‍ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപഭോക്താക്കള്‍ക്ക് സമ്പത് വ്യവസ്ഥയില്‍ വലിയ പങ്കാണുള്ളത്. ഭക്ഷ്യ-പൊതു വിതരണ സംവിധാനത്തിലെ അവകാശങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ കൂടുതല്‍ അറിയാനും അതിലെ ന്യൂനതകള്‍ പരിഹരിക്കാനുമാണ് സര്‍ക്കാര്‍ ശ്രമം. വിപണിയില്‍ ഉപഭോക്തൃ അവകാശങ്ങളുടെ ചൂഷണം തടയുന്നതിന് ഉപഭോക്തൃ അവകാശങ്ങളെ കുറിച്ചുള്ള അറിവുണ്ടാകുക പ്രധാനമാണ്. ഉപഭോക്താക്കളുടെ അവകാശങ്ങളെ താഴെക്കിടയിലുള്ളവരിലേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. വിദ്യാര്‍ത്ഥികളില്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ബോധവത്കരണ പരിപാടി വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി 148 കണ്‍സ്യൂമര്‍ ക്ലബുകള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

വിലക്കയറ്റത്തെ തടയുന്നതിനായി ശക്തമായ ഇടപെടലുകളാണ് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകുന്നത്. കുറഞ്ഞ വിലയില്‍ പരമാവധി സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. ഒരു വര്‍ഷത്തിനിടെ പൊതു വിതരണ വകുപ്പില്‍ ലഭിച്ച 40 ലക്ഷം പരാതികളില്‍ 35000 പരാതികള്‍ ഒഴികെ ബാക്കിയെല്ലാം പരിഹരിച്ചു. പൊതുജന സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനായി വകുപ്പിന്റെ 101 ഓഫീസുകള്‍ ഇ -ഓഫീസുകളാക്കി മാറ്റി. വകുപ്പില്‍ നിന്ന് ലഭിക്കുന്ന 17 സേവനങ്ങളും ഇ -ഫയലിംഗ് സംവിധാനം നടപ്പാക്കിയതായും മന്ത്രി പറഞ്ഞു.

ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിനുള്ള ഗ്രേഡിങ് സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. വിപണിയിലെ വിവിധ ഉല്പന്നങ്ങളുടെ ലേബല്‍ ഉറപ്പാക്കുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. ദേശീയ മെഗാ ലോക്അദാലത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.

ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രൊഫ. എം. കെ സാനു മുഖ്യതിഥിയായ ചടങ്ങില്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്‍, ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ കാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് സെക്രട്ടറി പി.എം.അലി അസ്ഗര്‍ പാഷ, സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ ഡോ.സഞ്ജീവ് പട്ജോഷി, പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണര്‍ ഡോ.ഡി.സജിത്ത് ബാബു, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുധ ദിലീപ് കുമാര്‍, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ഡി.ബി. ബിനു, അഡ്വ.ഹരീഷ് വാസുദേവന്‍, ലീഗല്‍ മെട്രോളജി ജോ.കണ്‍ട്രോളര്‍ ജെ.സി. ജീസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.