പാരിസ്ഥിതിക സൗഹൃദത്തിന്റെയും വ്യക്തി ശുചിത്വത്തിന്റെയും പ്രാധാന്യം ഉയർത്തുന്ന കൊ കപ്പ് പദ്ധതിക്ക് കൊരട്ടി പഞ്ചായത്തിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ ഹരിത വി കുമാർ നിർവഹിച്ചു. സ്ത്രീകൾക്ക് സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്നതിന് പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയാണ് കൊ കപ്പ്. കാതിക്കുടം നിറ്റാ ജലാറ്റിൻ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള ‘കപ്പ് ഓഫ് കെയറും’ കൊരട്ടി പഞ്ചായത്തും സഹകരിച്ച് 1500 സ്ത്രീകൾക്കാണ് കപ്പുകൾ വിതരണം ചെയ്യുന്നത്. 3.5 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവഴിക്കുന്നത്.

ഗ്രീൻകൊരട്ടി കെയർ കൊരട്ടി പദ്ധതിയുടെ ഭാഗമായാണ് കൊ കപ്പ് എന്ന ആശയം പഞ്ചായത്ത് നടപ്പിലാക്കുന്നത്. മെൻസ്ട്രൽ കപ്പിനെകുറിച്ച് സ്ത്രീകളിൽ അവബോധം നൽകുന്നതിന് സെമിനാറും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഐ.എം.എ പ്രതിനിധി ഡോ. ബെൽമ്മ റോസ് സെമിനാറിന് നേതൃത്വം നൽകി.

കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി സി ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, വികസന സ്ഥിരം സമിതി ചെയർമാൻ കെ ആർ സുമേഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നൈനു റിച്ചു, മെമ്പർമാരായ വർഗ്ഗീസ് പയ്യിപ്പിള്ളി, പി ജി സത്യാപാലൻ, നിറ്റാ ജലാറ്റിൻ കമ്പനി മാനേജർ പോളി സബാസ്റ്റ്യൻ, മെഡിക്കൽ ഓഫീസർമാരായ ഡോ.സിജി കെ.പി, ഡോ. ദീപ പിള്ള, ഡോ.സുബിത സുകുമാരൻ കുടുംബശ്രീ ചെയർപേഴ്സൻ സ്മിത രാജേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സൗമ്യ പോൾസൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.