കെ എസ് എഫ് ഇയുടെ 674ാമത് ശാഖ കൂർക്കഞ്ചേരിയിൽ ധനമന്ത്രി അഡ്വ. കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. ആയിരം പുതിയ ശാഖകൾ എന്ന ലക്ഷ്യം കെ എസ് എഫ് ഇ ഉടൻ പൂർത്തീകരിക്കുമെന്നും 1300 പുതിയ ജീവനക്കാരെ നിയമിച്ചതുവഴി മെച്ചപ്പെട്ട സേവനം ഉറപ്പാക്കി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. സ്വർണപ്പണയ വായ്പയ്ക്കായുള്ള ഗോൾഡ് ലോൺ കൗണ്ടർ പി ബാലചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.

ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കെ എസ് എഫ് ഇ ചെയർമാൻ കെ വരദരാജൻ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ബോർഡ് അംഗങ്ങളായ യു പി ജോസഫ്, ടി നരേന്ദ്രൻ, വാർഡ് കൗൺസിലർ മുകേഷ്, കെ എസ് സരിത, എം വി സുധീർ, എം ജിജോ അഗസ്റ്റിൻ, കെ ഡി ചന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു. മാനേജിങ് ഡയറക്ടർ ഡോ. എസ് കെ സനിൽ സ്വാഗതവും ജോൺ ഡെന്നിസൺ നന്ദിയും പറഞ്ഞു.