തിരുവനന്തപുരം: നെടുമങ്ങാട് ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ശില്പശാല സംഘടിപ്പിച്ചു. നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വി. അമ്പിളി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വൈകല്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനുള്ള സര്‍വേ പരിശീലന പരിപാടിയില്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലെ വിദഗ്ധര്‍ ക്ലാസ്സ് നയിച്ചു.

ബ്ലോക്ക് പഞ്ചായത്തിനെ ബാല സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. ആറ് വയസ്സുവരെയുള്ള കുട്ടികളിലെ വൈകല്യങ്ങളും പോഷകക്കുറവും മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അങ്കണവാടികളിലൂടെ ബ്ലോക്കിലെ കുട്ടികളെ നിരീക്ഷിച്ച് അവരുടെ കുറവുകള്‍ കണ്ടെത്തി ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ അറിയിക്കും. അവര്‍ക്ക് ആവശ്യമായ സപ്ലിമെന്ററി ആഹാരവും വിദഗ്ദ്ധ ചികിത്സയും നല്‍കും. കുറവുകള്‍ നേരിടുന്ന കുട്ടികളുടെ അമ്മമാര്‍ക്ക് പ്രത്യേക പരിചരണ പരിശീലനവും നല്‍കും. ആരോഗ്യപൂര്‍ണ്ണമായ ശിശുവിന്റെ ജനനത്തിനായി ഗര്‍ഭിണികള്‍ക്ക് അവബോധവും നല്‍കും. പദ്ധതിയോടനുബന്ധിച്ച് ബ്ലോക്കില്‍ സ്പീച്ച് തെറാപ്പി സൗകര്യവും ആരംഭിക്കും.

ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത അധ്യക്ഷത വഹിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥ ജിഷിത, ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.