ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയിലും വെളിച്ചമെത്തിച്ച് കെ.എസ്.ഇ.ബി. ഇത്തവണ കാനനപാതയിലെ വല്യാനവട്ടം, ചെറ്യാനവട്ടം എന്നിവിടങ്ങളിലേക്ക് കവേര്‍ഡ് കണ്ടക്ടര്‍ ഉപയോഗിച്ച് ലൈന്‍ വലിച്ച് വൈദ്യുത കണക്ഷന്‍ നല്‍കി. ജില്ലയില്‍ തന്നെ ആദ്യമായാണ് കവേര്‍ഡ് കണ്ടക്ടര്‍ ഉപയോഗിച്ച് വൈദ്യുതി കണക്ഷന്‍ നല്‍കുന്നത്. ഇതുകൂടാതെ സന്നിധാനം , പമ്പ എന്നീ പ്രദേശങ്ങളില്‍ നാലായിരത്തോളം തെരുവുവിളക്കുകളും സ്ഥാപിച്ചു. ഭൂരിഭാഗവും എല്‍.ഇ.ഡി ലൈറ്റുകളാണ് ഇത്തവണ സ്ഥാപിച്ചിരിക്കുന്നതെന്നും പ്രത്യേകതയാണ്.

ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ് ഫ്ളൂറസെന്റ് ട്യൂബുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാനനപാതയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്കും എല്‍.ഇ.ഡി വിളക്കുകകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്. അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള നാല്‍പ്പത്തിയഞ്ചോളം ജീവനക്കാരാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്ക് മുടങ്ങാതെ വൈദ്യുതിയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പത്തനംതിട്ട സര്‍ക്കിളിന് കീഴിലുള്ള റാന്നി – പെരുനാട് സെക്ഷനാണ് പമ്പയിലേയും സന്നിധാനത്തെയും ചുമതല.

ശബരിമല, പമ്പ തുടങ്ങിയ പ്രദേശങ്ങളിലെ വൈദ്യുതി സംബന്ധമായ അറ്റകുറ്റപ്പണികള്‍ ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്നതിന് മൂന്നുമാസം മുമ്പ് തന്നെ പൂര്‍ത്തിയായിരുന്നു. പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നത് ത്രിവേണിയിലെ ഫീഡറില്‍ നിന്നാണ്. ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ (എ.ബി.സി) ഉപയോഗിച്ച് വൈദ്യുതവിതരണം നടത്തിയിരിക്കുന്നതിനാല്‍ വൈദ്യുത തടസം പൂര്‍ണമായും ഒഴിവാക്കാനായി.

വന്യമൃഗങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഒഴിവാക്കി. സംസ്ഥാനത്ത് നിലവിലുള്ള പൂര്‍ണമായും കവചിതമായ ഏക വൈദ്യുതി വിതരണ സംവിധാനമാണ് ശബരിമലയിലുള്ളതെന്നും പ്രത്യേകതയാണ്. പമ്പ ത്രിവേണിയില്‍ ഒരേ സമയം മൂന്നുവാഹനങ്ങള്‍ക്ക് വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വിധം ഒരു ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനും കെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ കക്കാട് സെക്ഷന് കീഴിലുള്ള ഇലവുങ്കലില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ആവശ്യമായ പുതിയ ട്രാന്‍സ്ഫോര്‍മറും സ്ഥാപിച്ചു.