വ്യാജമദ്യത്തിന്റെ ഉപഭോഗം, കടത്ത്, വില്‍പ്പന എന്നിവ ജനകീയ പങ്കാളിത്തത്തോടെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി രൂപീകരിച്ച ജില്ലാതല ജനകീയ സമിതി യോഗം കളക്‌ട്രേറ്റില്‍ ചേര്‍ന്നു. ക്രിസ്തുമസ് – പുതുവല്‍സര ആഘോഷങ്ങളോടനുബന്ധിച്ച് അബ്കാരി /എന്‍.ഡി.പി.എസ് മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പിന്റെ പരിശോധന കര്‍ശനമാക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയതായി എക്‌സൈസ് അധികൃതര്‍ യോഗത്തെ അറിയിച്ചു. ലഹരി പദാര്‍ത്ഥങ്ങളുമായി ബന്ധപ്പെട്ട ഉല്പ്പാദനം, വില്‍പ്പന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും, കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമിലെ 04936-288215 എന്ന നമ്പറിലും, ടോള്‍ഫ്രീ നമ്പറായ 1800 425 2848 ലും വിളിച്ചറിയിക്കാം.

വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുള്ള ലഹരിവില്‍പ്പന തടയുന്നതിന് വിദ്യാഭ്യാ സ സ്ഥാപനങ്ങളുടെ പരിസരം കേന്ദ്രീകരിച്ച് പരിശോധനം ഊര്‍ജിതമാക്കാ നും ജനകീയ സമിതി യോഗത്തില്‍ തീരുമാനിച്ചു. കോളേജുകളും, വിദ്യാ ഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളുടെ സഹകരണ ത്തോടെ ലഹരിക്കെതിരെ ബോധവത്ക്കരണ ക്ലാസ്സുകളും ഇതോടൊപ്പം സംഘടിപ്പിക്കും.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനകീയ സമിതി യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ വി.അബൂബക്കര്‍, എക്‌സൈസ് കമ്മീഷണര്‍ കെ.എസ് ഷാജി, വിമുക്തി മാനേജര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി.ജെ ടോമി, എക്സൈസ്,പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ജനകീയ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.