എരിവും പുളിയും ഒത്തുചേരുന്ന അച്ചാറുകളും മധുരമുള്ള അച്ചാറുകളും ഉത്തരേന്ത്യൻ രുചിയിൽ ലഭിച്ചാലോ? കുടുംബശ്രീ സരസ് മേളയിലുണ്ട് ഉത്തരേന്ത്യൻ സ്പെഷ്യൽ രുചിക്കൂട്ടിലൊരുങ്ങുന്ന 13 തരം അച്ചാറുകൾ. മാങ്ങാ പെരട്ട്, കട്ട് മാങ്ങ, അടമാങ്ങ, മിക്സഡ് അച്ചാർ, പെപ്പർ മിക്സഡ്, റെഡ് ഗാർലിക്, പെപ്പർ ഗാർലിക്, ഗ്രീൻ ചില്ലി, പീല മാങ്ങാ, സ്വീറ്റ് മാങ്ങ, നെല്ലിക്ക പെരട്ട്, ചുണ്ടൽ എന്നിങ്ങനെ വിവിധ തരം അച്ചാറുകളാണ് തിരുവനന്തപുരം കുമാരപുരത്തു നിന്നെത്തിയ കുടുംബശ്രീ സ്റ്റാളിന്റെ ഹൈലൈറ്റ്. എരിവ് പകരുന്ന അച്ചാറിനൊപ്പം മധുരം നുകരാൻ ഈന്തപ്പഴം – മാങ്ങ – നാരങ്ങ, ഈന്തപ്പഴം – മാങ്ങ – കാരറ്റ് അച്ചാറും തേൻ നെല്ലിക്കയുമുണ്ട്.
കരിംജീരകം, മുളകുപൊടി, കായം, അയമോദകം, ഉലുവ എന്നിവ വറുത്ത് പൊടിച്ച് 12 മണിക്കൂർ വെയിലത്ത് ഉണക്കി എടുക്കുന്ന കൂട്ടും കടുക് പരിപ്പുമാണ് അച്ചാറിന് രുചി നിറക്കുന്നത്. മാങ്ങ, നാരങ്ങ, നെല്ലിക്ക തുടങ്ങിയവയെല്ലാം 4 മാസം ഉപ്പിലിട്ട ശേഷമാണ് അച്ചാറാക്കുന്നത്. തിരുവനന്തപുരം കുമാരപുരം അന്നപൂർണ്ണേശ്വരി, ശ്രീകാര്യം സംഗമം, വിളപ്പിൽ പഞ്ചായത്തിലെ ശ്രേയസ്, സൗഹൃദയ കുടുംബശ്രീക്കാരാണ് വൈവിധ്യമാർന്ന രുചിയിൽ അച്ചാറൊരുക്കുന്നത്. വർഷങ്ങളായി സരസ് മേളയിൽ പങ്കെടുത്ത ഇവർ മുംബൈയിൽ വച്ച് നോർത്തിന്ത്യൻ അച്ചാർ ഉണ്ടാക്കുന്ന എക്സ്പേർട്ടിനെ പരിചയപ്പെട്ടതോടെയാണ് നോർത്തിന്ത്യൻ രുചിയിൽ അച്ചാർ ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. തുടർന്ന് അയാളെ നാട്ടിലെത്തിച്ച് 15 ദിവസം ട്രെയിനിംഗ് നേടിയ ശേഷമാണ് അച്ചാർ നിർമ്മാണം ആരംഭിച്ചത്.