കോട്ടയം: പച്ചക്കുരുമുളകിൽ കാന്താരിയും കറിവേപ്പിലയും പുതിനയിലയും മല്ലിയിലയും ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും അരച്ചുചേർത്ത് മെയ്യിൽ തേച്ചുപിടിക്കുമ്പോഴേ ചിക്കൻ ‘ഹോട്ടാണ്’. അതിനുമേൽ അട്ടപ്പാടിക്കാരുടെ സ്വന്തം കോഴിജീരകംകൂടി അരച്ചുചേർത്ത് അൽപം പോലും എണ്ണചേർക്കാതെ ചുട്ടെടുക്കുമ്പോൾ ‘വനസുന്ദരി’ നാവിൽ പൊട്ടിത്തെറിക്കും.
നാഗമ്പടം മൈതാനത്ത് നടക്കുന്ന കുടുംബശ്രീ ദേശീയ ‘സരസ് ‘ മേളയിലെ പ്രധാനതാരമാണ് അട്ടപ്പാടിയിലെ ഈ ‘വനസുന്ദരി’ ചിക്കൻ വിഭവം. കോട്ടയത്തിന് വനമേഖലയിലെ രുചിക്കൂട്ടുകൾ ആസ്വദിക്കാനുള്ള വേദിയായി മാറുകയാണ് സരസ് മേളയിലെ അട്ടപ്പാടിയിൽ നിന്നുള്ള ഈ സ്റ്റാൾ. അട്ടപ്പാടി വനമേഖലയിൽനിന്ന് ലഭിക്കുന്ന കോഴിജീരകത്തിന്റെ ഇലയാണ് കൂട്ടിലെ രഹസ്യചേരുവ. ഇലകളും കുരുമുളകും കാന്താരിയും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തരച്ച കൂട്ടിലേക്ക് രണ്ട് മണിക്കൂർ കോഴിയിറച്ച് ഇട്ട് വയ്ക്കുകയാണ് വനസുന്ദരിയുടെ ആദ്യപടി. അതിന് ശേഷം എണ്ണയില്ലാതെ തവയിൽ മൊരിച്ചെടുത്ത് ചിക്കിയെടുത്താണ് ഈ സുന്ദരി തീൻമേശയിലെത്തുന്നത്. ഒപ്പം രണ്ട് ദോശയും ചമ്മന്തിയും സാലഡും ചേർത്താണ് വിളമ്പുന്നത്. 160 രൂപയാണ് ഒരു പ്ലേറ്റിന്റെ വില.
അട്ടപ്പാടിയിൽനിന്നുള്ള സിന്ദൂരം, ലക്ഷ്മി, ശിവശക്തി കൃഷ്ണ, ശ്രീദേവി എന്നീ കുടുംബശ്രീകളിലെ കമല അഭയകുമാർ, ഗ്രേസി, വിധികി മുരുകൻ, കരിമി സേർളി, സെല്ലി രാമൻ എന്നിവരാണ് സരസ് മേളയിൽ അട്ടപ്പാടിയുടെ വിഭവങ്ങൾ പരിചയപ്പെടുത്താൻ എത്തിയിട്ടുള്ളത്.