ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഈ അധ്യയന വർഷം ആരംഭിച്ച കോഴ്സുകളുടെ കൗൺസിലിങ് സെഷനുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി വയനാട് ജില്ലയിലെ അക്കാദമിക് കൗൺസിലർമാർക്ക് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ജില്ലയിലെ ലേണേര്‍ സപ്പോർട്ട് സെന്ററായ കൽപ്പറ്റ എൻ.എം.എസ്.എം.ഗവ. കോളേജിൽ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ഷാജി തദേവൂസ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസ് മേധാവി ഡോക്ടർ ജി. സൂരജ് പരിശീലന പരിപാടി നയിച്ചു. ഭാഷാ വിഷയങ്ങളിലെ യുജി പിജി കോഴ്സുകളാണ് ഈ വർഷം ആരംഭിക്കുന്നത്. വർഷത്തിൽ രണ്ട് തവണയാണ് ഓപ്പൺ സർവകലാശാലയിലേക്ക് പ്രവേശനം നടക്കുന്നത്. അടുത്തഘട്ട പ്രവേശനത്തിന് മുമ്പായി കൂടുതൽ കോഴ്സുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ലേണേർ സപ്പോർട്ട് സെന്റർ കോഡിനേറ്റർ അനീഷ് എം. ദാസ്, സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ അബു താഹിർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ വിവിധ കോളേജുകളിലെ അധ്യാപകർ, യുജിസി മാനദണ്ഡങ്ങൾ പ്രകാരം യോഗ്യരായ മറ്റ് അധ്യാപകർ എന്നിവരാണ് അക്കാഡമിക് കൗൺസിലർമാരായി പ്രവർത്തിക്കുക.