ആലപ്പുഴ: പ്രളയം സംഹാരതാണ്ഡവമാടിയ ജില്ലയാണ് ആലപ്പുഴ. എല്ലാമുളളവർ വെള്ളപ്പൊക്കത്തിൽ ഒന്നുമില്ലാത്തവരായി. ക്യാമ്പുകളിൽ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങുന്ന തിരക്കിലാണ് കുട്ടനാടുകാരും ചെങ്ങന്നൂരുകാരുമെല്ലാം. തിരികെ വീടുകളിലെത്തുമ്പോൾ ഒരുപക്ഷേ വെള്ളം എല്ലാം കൊണ്ടുപോയിട്ടുണ്ടാകാം. വീടിനകത്തെ അവശ്യ സമ്പാദ്യം നഷ്ടപ്പെട്ടവർക്ക് ഒരു കൈ സഹായം നൽകുകയാണ് ആലപ്പുഴ നഗരസഭ.
ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്ന നഗരസഭയുടെ സ്വാപ്പ് ഷോപ്പുവഴി പ്രളയ ബാധിതരിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനാണ്് ആലപ്പുഴ നഗരസഭ ലക്ഷ്യമിടുന്നത്്. ആലപ്പുഴ പ്രൈവറ്റ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സ്വാപ്പ് ഷോപ്പിൽ പ്രളയ ബാധിതരെ സഹായിക്കാൻ താൽപര്യമുള്ള വ്യക്തികൾക്ക് സാധനങ്ങൾ എത്തിക്കാം.

വീടുകളിൽ എണ്ണക്കൂടുതൽ കൊണ്ട് ഉപയോഗിക്കാതെ വച്ചിരിക്കുന്ന കട്ടിൽ, പാത്രങ്ങൾ, പുതിയത് വാങ്ങിയപ്പോൾ തട്ടിൻപുറത്തായ മിക്‌സി, വാഷിങ് മെഷീൻ, ഇഡ്ഡലി പാത്രം, പുട്ടുകുടം തുടങ്ങീ കസേര, മേശ അങ്ങനെയെന്തും ഇവിടെ സ്വീകരിക്കും.അധികം പഴയതല്ലാത്ത പുതിയ സാധനങ്ങളായിരിക്കണം എത്തിക്കേണ്ടതെന്നും നഗരസഭയ്ക്ക് നിർബന്ധമുണ്ട്. അതേപോലെ പഴയ തുണിക്ൾ സ്വാപ്പ് ഷോപ്പിലെത്തിക്കേണ്ടെന്നും നഗരസഭാ അധികൃതർ പറയുന്നു. . പുതിയത് വാങ്ങിയതുകൊണ്ടുമാത്രം ഉപയോഗശൂന്യമായി പൊടി പിടിച്ചു നശിക്കുന്ന വസ്തുക്കൾ ആവശ്യക്കാരിലെത്തിച്ചാൽ അത് ഉപകാരപ്പെടുമെന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മനോജ് കുമാർ പറയുന്നു.ഞായറാഴ്ച ഒഴിച്ച് എല്ലാ ദിവസവും രാവിലെ 10 മുതൽ അഞ്ചുവരെ സ്വാപ്പ് ഷോപ്പ് പ്രവർത്തിക്കും.