ജാഗ്രതാ സമിതികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കണമെന്ന് വനിതാ കമ്മിഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. ത്രിതല പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളില്‍ വനിതാ ജാഗ്രത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അതുവഴി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായിട്ടുള്ള അതിക്രമങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും കമ്മിഷന്‍ അംഗം പറഞ്ഞു. ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മിഷന്‍ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ദിര രവീന്ദ്രന്‍. സമൂഹത്തില്‍ സ്ത്രീകളും കുട്ടികളും ചൂഷണം ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ജാഗ്രത സമിതിക്ക് കഴിയും. അതിന് ജാഗ്രത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ താഴേത്തട്ടില്‍ നിന്ന് തന്നെ ശക്തിപ്പെടുത്തണം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍, സ്വത്ത് തര്‍ക്കം, വഴിതര്‍ക്കങ്ങള്‍, ദാമ്പത്യ പ്രശ്‌നങ്ങള്‍, ഉള്‍പ്പെടെ 30 കേസുകളാണ് കമ്മിഷന്‍ സിറ്റിങ്ങില്‍ പരിഗണിച്ചത്. ഇതില്‍ 14 എണ്ണം തീര്‍പ്പാക്കി. അഞ്ച് കേസുകള്‍ പോലീസ് റിപ്പോര്‍ട്ടിനും, മൂന്നെണ്ണം കൗണ്‍സിലിങ്ങിനും നല്‍കി. എട്ട് കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. സംസ്ഥാന വനിതാ കമ്മിഷന്‍ ഡയറക്ടര്‍ പി.ബി രാജീവ്, പാലക്കാട് ജില്ലാ കോടതി അഭിഭാഷകരായ അഡ്വ. സി. രമിക, അഡ്വ. എ. അഞ്ജന, തുടങ്ങിയവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു.