ഈടാക്കിയത് 80,800 രൂപ

സന്നിധാനത്തും പരിസരത്തും എക്സൈസ് സംഘം കഴിഞ്ഞ ദിവസം (ഡിസംബര്‍ 18) വരെ നടത്തിയ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 404 കോട്പ കേസുകള്‍. നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനുമാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളിലായി 80,800 രൂപ പിഴയിനത്തില്‍ ഈടാക്കുകയും 20 കിലോ നിരോധിത പുകയില പിടികൂടുകയും ചെയ്തു. മദ്യം മയക്കുമരുന്ന് എന്നിവ പിടികൂടിയിട്ടില്ല.

ശബരിമലയും പരിസര പ്രദേശങ്ങളും മദ്യം, പുകയില, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ നിരോധിത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൃത്യമായി പാലിക്കാന്‍ പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന റേഞ്ച് ഓഫീസുകള്‍ വഴി എക്സൈസ് വകുപ്പ് കൃത്യമായ നിരീക്ഷണം നടത്തി വരുന്നുണ്ട്. സന്നിധാനത്തെ റേഞ്ച് ഓഫീസില്‍ മാത്രം 27 ഉദ്യോഗസ്ഥര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. മഫ്തിയിലും യൂണിഫോമിലുമുള്ള പെട്രോളിംഗ് സംഘം 24 മണിക്കൂറും സന്നിധാനത്ത് നിരീക്ഷണം നടത്തുന്നുമുണ്ട്. മദ്യം, മറ്റ് ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും ദര്‍ശനം കോംപ്ലക്സിലെ എക്സൈസ് ഓഫീസിലെത്തി പരാതി നല്‍കാവുന്നതാണ്.