തൃത്താല ഗവ ആശുപത്രി വികസന നടപടികള്‍ പുരോഗമിക്കുന്നതായി തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ബദാംചുവട്ടിലെ തൃത്താല ഗ്രാമപഞ്ചായത്ത് ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ തൃത്താല ഗവ ആശുപത്രിയുടെ വികസനത്തിനാണ് ആദ്യ പരിഗണന നല്‍കുന്നത്. കഴിഞ്ഞ ബജറ്റില്‍ തൃത്താല ഗവ ആശുപത്രി വികസനത്തിന് 12.5 കോടി രൂപയാണ് അനുവദിച്ചത്. രണ്ടാഴ്ചയ്ക്കകം പദ്ധതിക്ക് ഭരണാനുമതി ലഭിക്കും. തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും അതിവേഗത്തില്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ച് പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രി വികസനത്തിന് 25 കോടി രൂപയുടെ ഡി.പി.ആറാണ് തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടമായാണ് 12.5 കോടി രൂപ അനുവദിച്ചിരിക്കുന്നതെന്നും നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ബാക്കി തുക ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപയും തൃത്താല ഗ്രാമപഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ചെലവഴിച്ച് സ്വകാര്യ വ്യക്തി സൗജന്യമായി വിട്ട് നല്‍കിയ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി താത്ക്കാലിക കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായ പരിപാടിയില്‍ തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ, ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ശ്രീനിവാസന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയറാം, ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.