വേദിയെ ഇളക്കി മറിച്ച്, കാണികളുടെ ഹൃദയം കവർന്ന് കുടുംബശ്രീ ദേശീയ സരസ് മേളയിലെ കലാപരിപാടികൾ. കഴിഞ്ഞ ദിവസം ഗായിക സിതാരയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടി കാണാൻ ജനം ഒഴുകിയെത്തി. ഇന്നലെ രാവിലെ ഇടുക്കി മറയൂർ കുമ്മിട്ടാങ്കുഴി സംഘം അവതരിപ്പിച്ച മലയപ്പുലയാട്ടം ടെൻ ഒ ക്ലോക്ക് അവതരിപ്പിച്ച ‘സൊറ ‘ പാട്ടും പറച്ചിലും പരിപാടികൾ കരഘോഷത്തോടെയാണ് കാണികൾ ഹൃദയത്തിലേറ്റിയത്. അട്ടപ്പാടി ഗോത്ര സംഘം അവതരിപ്പിച്ച മലയാട്ടും സ്പിക് മാകെയുടെ താരാപദ രജകും സംഘവും അവതരിപ്പിച്ച ബംഗാളി പുരുലിയ ചാ നൃത്തവും കാണികൾക്ക് നവ്യാനുഭവമായി. പാലാപ്പള്ളി ഫെയിം അതുൽ നറുകരയും സംഘവും അവതരിപ്പിച്ച സോൾ ഓഫ് ഫോക് കാണികളെ ഇളക്കി മറിച്ചു.