വ്യവസായ വകുപ്പ്, കേരള നോളജ് എക്കണോമി മിഷന്‍, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത് തല തൊഴില്‍ സഭയ്ക്ക് തുടക്കമായി. തൊഴില്‍രഹിതരായ അഭ്യസ്തവിദ്യര്‍, സംരംഭകരാകാന്‍ താത്പര്യമുള്ള യുവജനങ്ങള്‍, തൊഴില്‍ അന്വേഷകര്‍ എന്നിവരെ ഒരേ വേദിയില്‍ എത്തിച്ച് അനുയോജ്യമായ തൊഴിലും സംരംഭങ്ങളും കണ്ടെത്തുന്നതിന് 10 ദിവസങ്ങളിലാണ് ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ നടക്കുന്നത്. ഗ്രാമപഞ്ചായത്തിന് കീഴിലെ 20 വാര്‍ഡുകളില്‍ രണ്ട് വീതം വാര്‍ഡുകളിലെ സംരംഭക തത്പരരായ യുവാക്കള്‍ ഓരോ ദിവസവും തൊഴില്‍ സഭയില്‍ പങ്കെടുക്കും.
ആദ്യ മൂന്ന് ദിവസങ്ങളിലായി 300 പേരാണ് തൊഴില്‍സഭയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 227 പേരും സ്ത്രീകളാണ്. ആദ്യദിനത്തില്‍ രജിസ്റ്റര്‍ ചെയ്ത 84 പേരില്‍ 65 പേരും രണ്ടാ ദിനത്തില്‍ 92 പേരില്‍ 75 പേരും മൂന്നാം ദിനത്തില്‍ 124 പേരില്‍ 87 പേരും സ്ത്രീകളാണ്.
സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ സര്‍വേയിലൂടെ മുന്‍കൂട്ടി ജാലകം പോര്‍ട്ടലില്‍ ഡി.ഡബ്ല്യൂ.എം.എസ്(ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) മുഖേന രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തിയാണ് തൊഴില്‍സഭ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ തൊഴില്‍സഭ എന്ത്, എന്തിന് എന്നിവ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം, സംരംഭക തത്പരര്‍, സംരംഭദായകര്‍, സംരംഭകര്‍, രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചര്‍ച്ച, വിവിധ വകുപ്പുകള്‍ നല്‍കുന്ന ധനസഹായ പദ്ധതികള്‍ പരിചയപ്പെടുത്തല്‍, വ്യവസായ വകുപ്പിലൂടെ ഗ്രാമപഞ്ചായത്തിലെ സംരംഭം ആരംഭിച്ച സര്‍ക്കാര്‍ സേവനം ലഭിച്ചവരുടെ അനുഭവം പങ്കുവയ്ക്കല്‍ എന്നിവ നടന്നു. കൂടാതെ തൊഴിലന്വേഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍, അവരുടെ ആവശ്യങ്ങള്‍, സംശയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. തൊഴില്‍സഭ ഡിസംബര്‍ 28 വരെ തുടരും.