മത്തി മുതൽ ബീൻസു വരെയുള്ള കിടിലൻ അച്ചാറുകളുടെ വിപുലമായ ശേഖരം വിൽപ്പനയ്ക്കെത്തിച്ചിരിക്കുകയാണ് നാഗമ്പടത്തു നടക്കുന്ന ദേശീയ സരസ് മേള.
പത്തു സംസ്ഥാനങ്ങളിലെയും കേരളത്തിലെ 14 ജില്ലകളിലെയും രുചിവൈവിധ്യം നിറഞ്ഞ അച്ചാറുകളാണുള്ളത്.
അച്ചാറുകൾ രുചിച്ച് നോക്കി എരിവിന്റെയും പുളിയുടേയും പാകം തിരിച്ചറിഞ്ഞ് വാങ്ങാം. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കുടുംബശ്രീ സംരംഭകരുടെ നാടൻ അച്ചാറുകളാണിത്. മാങ്ങാ, നാരങ്ങ, കണ്ണിമാങ്ങ, നെല്ലിക്ക, ചാമ്പങ്ങ, അമ്പഴങ്ങ, ഇരുമ്പൻ പുളി, ഈന്തപ്പഴം, കാന്താരി, പച്ചമുളക്, വെളുത്തുള്ളി, മത്തി, കൊഴുവ, വയമ്പ്, ചൂര, കണവ, ചെമ്മീൻ കല്ലുമേക്കായ, ബീഫ് തുടങ്ങി വിവിധയിനം അച്ചാറുകൾ പല രുചിക്കൂട്ടുകളിൽ ലഭ്യമാണ്. വടക്കേയിന്ത്യൻ അച്ചാറുകൾക്കും പ്രിയമേറെയെന്ന് സംരംഭകർ പറയുന്നു. ക്യാരറ്റും ഈന്തപ്പഴവും ചേർത്തും മാങ്ങയും നാരങ്ങയും കാന്താരിയും കുരുമുളകും ചേർത്തും മിക്സഡ് സ്പെഷൽ അച്ചാറുകളുമുണ്ട്.
രുചി, മിൻസോ, സുരഭി, ഇന്നൂസ്, നിവേദ്യ തുടങ്ങി പല ബ്രാന്റ് പേരുകളിൽ ഇവ ലഭ്യമാണ്. പല ജില്ലകളിലേയും പാചകവും ചേരുവകളും വ്യത്യസ്തമായത് കൊണ്ട് ടേസ്റ്റ് ചെയ്യുന്നവർക്ക് പുത്തൻ രുചി അനുഭവമാണ് അച്ചാറുകൾ സമ്മാനിക്കുന്നത്. ഓർഡറുകൾ ലഭിക്കുന്നതിനനുസരിച്ച് പാഴ്സലായി വീടുകളിൽ എത്തിച്ചു തരുന്ന ഹോം ഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. മൊത്ത വിൽപനയ്ക്കും ചില്ലറ വിൽപനയ്ക്കും അച്ചാറുകൾ ഓർഡർ ചെയ്യാൻ സാധിക്കും. അറു മാസം മുതൽ ഒരു വർഷം വരേ ഈ അച്ചാറുകൾ കേടുവരാതെ സൂക്ഷിക്കാനാവുമെന്നും സംരംഭകർ പറയുന്നു.
തേൻ നെല്ലിക്കയടക്കം തേൻ വിഭവങ്ങളുമുണ്ട്.