പായസങ്ങളിലെ റാണിയായ ഉത്തരാഖണ്ഡ് സ്പെഷ്ൽ ഖീർ പായസം രുചിച്ചിട്ടുണ്ടോ. ഖീറും പഞ്ചനക്ഷത്രവുമടക്കം വ്യത്യസ്ത പായസങ്ങൾ ഒരുക്കിയിരിക്കുകയാണ് കുടുംബശ്രീ ദേശീയ സരസ് മേളയിലെ ഫുഡ് കോർട്ടുകൾ. ഉത്തരാഖണ്ഡിൽ നിന്നുള്ള ജംഗർ അരിയും ഡ്രൈഫ്രൂട്ട്സും മത്തങ്ങയും ചേർത്ത് ഉണ്ടാക്കിയ രണ്ടു തരത്തിലുള്ള ഖീർ പായസമാണുള്ളത്. മേളയിലെത്തിയാൽ 50 രൂപയ്ക്ക് പാരമ്പര്യ രുചിക്കൂട്ടിലുള്ള ഖീർ പായസം ഉത്തരാഖണ്ഡ് സ്റ്റാളിൽ നിന്നു രുചിക്കാം. വയനാടൻ തനിമയുടെ മുളയരിപ്പായസം വയനാട് കുടുംബശ്രീ സ്റ്റാളിൽ നിന്നും 50 രൂപയ്ക്ക് ലഭിക്കും. ആപ്പിൾ, മുന്തിരി, പൈനാപ്പിൾ, പപ്പായ, പഴം എന്നിവ ചേർത്ത് തയ്യാറാക്കുന്ന പഞ്ചനക്ഷത്ര പായസം മേളയിലെ സ്റ്റാറാണ് . എറണാകുളം സ്റ്റാളിൽ 50 രൂപയ്ക്ക് ലഭിക്കുന്ന പഞ്ചനക്ഷത്ര പായസം പഴക്കൂട്ടുകളുടെ രസമൂറുന്ന വ്യത്യസ്ത രുചിയാണ്.

മധുരം ഇഷ്ടപ്പെടുന്നവർക്ക് പായസത്തിനൊപ്പം ആസ്വദിച്ച് രുചിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്ത മധുര പലഹാരങ്ങളുമുണ്ട്. അസം സ്പെഷ്ൽ വിഭവമായ കോക്കനട്ട് ലഡ്ഡു , രാജസ്ഥാൻ സ്പെഷ്ൽ ജിലേബി, സ്വീറ്റ് ലസ്സി, കുൽഫി, ചുർമ ലഡു എന്നിവ രുചി മേളമൊരുക്കുന്നു. ഉത്തർപ്രദേശിന്റെ മധുരമേറിയ സ്വീറ്റ് ഖീർ റൈസ്, മഹാരാഷ്ട്രയുടെ പുരൻ ബോളി എന്നിവയും ഫുഡ് കോർട്ടിലെ ആളുകളുടെ ഇഷ്ട വിഭവമാണ്.