കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന കുടുംബശ്രീ സരസ് മേളയുടെ സംഘാടക മികവ് അറിയാൻ അസിസ്റ്റന്റ് കളക്ടർമാരുടെ സംഘമെത്തി. കേരള കേഡറിലുള്ള എട്ട് അസിസ്റ്റന്റ് കളക്ടർമാരാണ് ഇന്നലെ മേളയുടെ സ്റ്റാളുകളും ഭക്ഷ്യമേള സ്റ്റാളുകളും സന്ദർശിച്ചത്. തിരുവനന്തപുരത്തെ ഐ.എം.ജിയിൽ പരിശീലനത്തിലാണിവർ.
മലപ്പുറം അസിസ്റ്റന്റ് കളക്ടർ കെ. മീര, പാലക്കാട് അസിസ്റ്റന്റ് കളക്ടർ ഡി. രഞ്ജിത്ത്, കാസർഗോഡ് അസിസ്റ്റന്റ് കളക്ടർ ഡോ. മിഥുൻ പ്രേംരാജ്, തൃശ്ശൂർ അസിസ്റ്റന്റ് കളക്ടർ വി.ജയകൃഷ്ണൻ, കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ സമീർ
കിഷൻ, കണ്ണൂർ അസിസ്റ്റന്റ് കളക്ടർ സാഗർ മിസാൽ, തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ റിയ സിങ്, എറണാകുളം അസിസ്റ്റന്റ് കളക്ടർ ഹർഷിൽ മീന എന്നിവരാണ് സംഘത്തിലുള്ളത്. സ്റ്റാളുകൾ സന്ദർശിച്ച് മഴമൂളി, രാജസ്ഥാൻ ബാഗുകൾ, കാശ്മീരി സാരി, നാടൻ മിഠായികൾ, കൂവപ്പൊടി, അരിപ്പൊടി, അച്ചാറുകൾ, കോട്ടൺ കുർത്തകൾ എന്നിവ വാങ്ങിയാണിവർ മടങ്ങിയത്.
കുടുംബശ്രീ ഡയറക്ടർ ജാഫർ മാലിക്കിന്റെ നിർദ്ദേശ പ്രകാരം കുടുംബശ്രീയെ അടുത്തറിയാനും മേള കാണാനുമായാണ് ഇവരെത്തിയത്. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് ദിവാകർ മേള നടത്തിപ്പ് വിശദീകരിച്ചു.