ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തെ പദ്ധതിയിലുൾപെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നടപ്പാക്കുന്നതിന്റ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിശീലനപരിപാടി സംഘടിപ്പിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. 36 ലക്ഷം രൂപയാണ് പഠനമുറിക്കായി വകയിരുത്തിയത്. ഭൂമിസംബന്ധമായ രേഖകൾ, നവമാധ്യമങ്ങളുടെ ഉപയോഗംകൊണ്ടുള്ള പാളിച്ചകൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു.

ചാലക്കുടി തഹസിൽദാർ ഇ എൻ രാജു, ചാലക്കുടി സബ് ഇൻസ്പെക്ടർ സിദ്ധിക്ക് അബ്ദുൾ ഖാദർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വേണു കണ്ടരുമഠത്തിൽ ചടങ്ങിൽ

അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ലീന ഡേവിസ്, വികസന ചെയർമാൻ പി കെ ജേക്കബ് ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പട്ടികജാതി വികസന ഓഫീസർ പി കെ സുരജ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.