വയനാട് ജില്ലാ ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരായ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. പനമരം സി.എച്ച്.സി ഹാളില്‍ നടന്ന പരിശീലനം പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി സുബൈര്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളുടെ പഠന വൈകല്യം, പരീക്ഷാ ഭയം, ലഹരി ഉപയോഗം, ആത്മഹത്യാ പ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പരിശീലന പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. വയനാട് ഗവ. മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിദഗ്ദന്‍ ഡോ. ഹരീഷ് കൃഷ്ണന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.കെ ചന്ദ്രശേഖരന്‍, എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എസ് ശ്യാല്‍, പാലിയേറ്റിവ് ജില്ലാ കോര്‍ഡിനേറ്റര്‍ സ്മിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോസി ജോസഫ്, എന്‍.എസ്.എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ എ. ഹരി, എം.കെ രാജേന്ദ്രന്‍, എ.വി രജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. പരിശീലനം ലഭിച്ച അധ്യാപകര്‍ എന്‍.എസ്.എസ് ക്യാമ്പുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉജ്ജീവനം പദ്ധതിയുടെ ഭാഗമായി ക്ലാസ്സുകള്‍ നല്‍കും.
