സംസ്ഥാനത്തെ പൂര്‍ണമായും ബാല സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബാലനിധി പദ്ധതിയുടെ ക്യു ആര്‍ കോഡ് പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സ്‌കാന്‍ ചെയ്ത്  നിര്‍വഹിച്ചു. വനിതാ ശിശു വികസന വകുപ്പും സംയോജിത ശിശു സംരക്ഷണ പദ്ധതിയും മുഖേന പൊതുജന പങ്കാളിത്തത്തോടുകൂടി കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നടപ്പാക്കുന്ന ധനസമാഹരണ – ധനസഹായ പദ്ധതിയാണ് ബാലനിധി. കുരുന്നുകള്‍ക്ക് കരുതലാവാന്‍ ഒരു കുഞ്ഞുപങ്കെന്നതാണ് ബാലനിധി മുന്നോട്ട് വയ്ക്കുന്ന ആശയം.

വ്യക്തികള്‍, സര്‍വീസ് സംഘടനകള്‍, സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, കലാസാഹിത്യ രംഗത്തുള്ളവര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ബാലനിധിയിലേക്ക് സംഭാവനകള്‍ നല്‍കാം. കൂടാതെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ടും ബാലനിധിയില്‍ നിക്ഷേപിക്കാന്‍ സാധിക്കും. നല്‍കുന്ന ഓരോ തുകയ്ക്കും ഇന്‍കം ടാക്സ് ആക്ട്  പ്രകാരം ഇളവ് ഉണ്ടായിരിക്കും. ഇലക്ട്രോണിക്ക് ട്രാന്‍സ്ഫര്‍ വഴിയും ഡയറക്ടര്‍, വനിതാ ശിശുവികസന വകുപ്പ് തിരുവനന്തപുരം എന്ന വിലാസത്തില്‍ മാറാവുന്ന ചെക്ക് /ഡി ഡി/മണി ഓര്‍ഡര്‍ വഴിയും സംയോജിത ശിശു സംരക്ഷണ പദ്ധതി കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ബാലനിധിയിലേക്ക് സംഭാവനകള്‍ നല്‍കാം. അക്കൗണ്ട് നമ്പര്‍ -57044156669. ഐഎഫ്എസ്‌സി കോഡ് – എസ്ബിഐഎന്‍0070415.

കളക്ടറുടെ ചേംമ്പറില്‍ നടന്ന പ്രകാശന ചടങ്ങില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതാ ദാസ്,  സാമൂഹ്യ സേവകരായ അഞ്ചു മേരി ജോസഫ്, എലിസബത്ത് ജോസ്,  കൗണ്‍സിലര്‍ ജോബിന്‍ കെ. ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.