പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന ട്രാന്‍സ്ഫോര്‍മറുകളുടെ അപകടാവസ്ഥ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാന്‍ കെഎസ്ഇബി – കെഎസ്ടിപി  ഉന്നതാധികാരികള്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനമായി. കെഎസ്ടിപി റോഡ് നിര്‍മാണത്തോട് അനുബന്ധിച്ചുണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ചെത്തോംകര, മന്ദമരുതി, മക്കപ്പുഴ, വലിയപറമ്പില്‍ പടി, കാവുങ്കല്‍ പടി, പഴവങ്ങാടിക്കര സ്‌കൂള്‍പടി, ട്രഷറി പടി, എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്ഫോമറുകളെ സംബന്ധിച്ച് താലൂക്ക് വികസന സമിതിയില്‍  നേരത്തെ പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു കമ്മീഷനെ വച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇത് നടപ്പാക്കിയോ എന്ന് യോഗം പരിശോധിച്ചു. ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റി സ്ഥാപിക്കാന്‍ സ്ഥലപരിമിതിയുടെ പ്രശ്നമാണ് അധികൃതര്‍ ഉന്നയിച്ചത്. അവശേഷിക്കുന്ന ട്രാന്‍സ്ഫോമറുകള്‍ സുരക്ഷിതസ്ഥാനത്ത് ആക്കുന്നതിനാണ് വകുപ്പ് തല പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്.

ഇട്ടിയപ്പാറ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ കെഎസ്ഇബി കരാറുകാരന്‍ നിക്ഷേപിച്ചിരിക്കുന്ന മണ്ണ് അഞ്ച് ദിവസത്തിനകം നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി. കോഴഞ്ചേരിക്ക് പോകുന്ന ബസുകള്‍ ബ്ലോക്ക് പടിയില്‍ സംസ്ഥാന പാതയോരത്തു തന്നെ നിര്‍ത്തി ആളെ കയറ്റാനും ഇറക്കാനും നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. കൂടാതെ ഇവിടെ സിഗ്നല്‍ ലൈറ്റും സ്ഥാപിക്കും. ഉതിമൂട്ടില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ ക്യാമറ സ്ഥാപിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഇതുകൂടാതെ ഉയരം കുറഞ്ഞ ഉതിമൂട് പിഐപി കനാലിന്റെ അടിയില്‍ വാഹനങ്ങള്‍ തട്ടാതിരിക്കാന്‍ മറുഭാഗത്തും  വേണ്ട നടപടി സ്വീകരിക്കും.

ഉതിമൂട് ജംഗ്ഷനില്‍ നിന്നും കുമ്പളാംപൊയ്ക റോഡ് തിരിയുന്ന  ഭാഗത്തെ ഓട പ്രശ്നം ഉടന്‍തന്നെ പരിഹരിക്കും. കൂടാതെ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് കെഎസ്ടിപി അധികൃതര്‍ മാറ്റി സ്ഥാപിക്കും. പരിപാലനം റാന്നി പഞ്ചായത്ത് നിര്‍വഹിക്കും. പെരുമ്പുഴ സ്റ്റാന്‍ഡില്‍ ബസുകള്‍ കയറുന്നതിനും ഇറങ്ങുന്നതിനും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. ബസുകള്‍ സ്റ്റാന്‍ഡിന് വെളിയില്‍ സംസ്ഥാന പാതയോരത്ത് നിര്‍ത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുന്നതിനും  വണ്‍വേ തെറ്റിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും പോലീസിന് നിര്‍ദേശം നല്‍കി.

പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ അനിത അനില്‍കുമാര്‍, കെ.ആര്‍. പ്രകാശ്, വൈസ് പ്രസിഡന്റ് പി.എസ്. സതീഷ് കുമാര്‍, തഹസില്‍ദാര്‍ പി.ഡി. സുരേഷ് കുമാര്‍, കെഎസ്ടിപി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എന്‍. ബിന്ദു, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍, റാന്നി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ആര്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു.