മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ഉത്സവകാലത്ത് ഗുണ നിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും പൊതു വിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം സപ്ലൈകോ ക്രിസ്മസ് –പുതുവത്സര ജില്ലാ ഫെയറുകൾ ആരംഭിക്കും. വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച (20 ഡിസംബർ) വൈകുന്നേരം 4.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ അനിൽ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ആദ്യ വിൽപ്പന നടത്തും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സ്റ്റാളുകൾ ഉദ്ഘാടനം ചെയ്യും.

വിപണന കേന്ദ്രങ്ങളിൽ ഗൃഹോപകരണങ്ങൾ ഉൾപ്പടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. ബ്രാന്റഡ് ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവുമുണ്ട്. മേള 2023 ജനുവരി 2 വരെ  നീളും. താലൂക്ക് ഫെയറുകൾ ക്രിസ്മസ് മാർക്കറ്റുകൾ എന്നിവ ഡിസംബർ 22 മുതൽ 2023 ജനുവരി 2 വരെ വിപണനകേന്ദ്രങ്ങളോട് ചേർന്ന് നടത്തും. രാവിലെ 10 മുതൽ വൈകുന്നേരം 8 വരെയാണ് വിപണനകേന്ദ്രങ്ങളുടെ പ്രവർത്തന സമയം.