വിപണിയിൽ പണത്തിന്റെ കൃത്യമായ വിനിമയം നടന്നാൽ മാത്രമേ സാമ്പത്തിക വളർച്ച സാധ്യമാവൂ എന്ന് ജില്ലാ കളക്ടർ ഡോ. രേണുരാജ്. ലീഡ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ജില്ലാതല റിവ്യൂ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. വിവിധ സർക്കാർ വകുപ്പുകൾ ഏറ്റെടുത്തിരിക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കളക്ടർ പറഞ്ഞു. 2018 ന് മുൻപുള്ള തരത്തിൽ ജന ജീവിതം
സാധാരണ നിലയിലേക്ക് തിരികെ എത്തുന്ന സമയമാണിത്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതി ആലോചനകൾ കൃത്യമായി നടത്താൻ ഈ സാമ്പത്തിക വർഷത്തെ പദ്ധതി വിനിയോഗം സഹായിക്കുമെന്നും കളക്ടർ പറഞ്ഞു.

ലോൺ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ബാങ്കുകൾ കൂടുതൽ അനുഭാവം കാണിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു. റവന്യൂ റിക്കവറി വഴി കിട്ടാക്കടങ്ങൾ തിരിച്ചു പിടിക്കാൻ സാധിച്ചത് നേട്ടമാണെന്നും കളക്ടർ പറഞ്ഞു. സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുന്നോടിയായി താലൂക്ക് തലത്തിൽ കൂടുതൽ റവന്യൂ റിക്കവറി അദാലത്തുകളും സംഘടിപ്പിക്കും.

സെപ്റ്റംബർ പാദത്തിൽ ജില്ലയിലെ പൊതു മേഖലാ ബാങ്കുകൾ 133976.42 കോടി രൂപയുടെയും സ്വകാര്യ ബാങ്കുകൾ 110926.25 കോടി രൂപയുടെയും സഹകരണബാങ്കുകൾ 24186.15 കോടി രൂപയുടെയും വിനിമയം നടത്തി. പൊതു മേഖലാ ബാങ്കുകളിൽ 63200 കോടി രൂപയുടെയും സ്വകാര്യ ബാങ്കുകളിൽ 61869 കോടി രൂപയുടെയും നിക്ഷേപം സാധ്യമായി.

സെപ്റ്റംബർ പാദത്തിൽ പ്രാഥമിക കാർഷിക മേഖലയിൽ 13219 കോടി രൂപയുടെ ലോണുകളാണ് ജില്ലയിൽ വിതരണം ചെയ്തത്. ലക്ഷ്യമിട്ടതിന്റെ 153 ശതമാനം തുക വിതരണം ചെയ്തു. ചെറുകിട വ്യവസായങ്ങൾക്കായി 9561.10 കോടി രൂപ വിതരണം ചെയ്തു.

തൃതീയ മേഖലയിൽ 686.14 കോടി രൂപയും വിതരണം ചെയ്തു കഴിഞ്ഞു. 138.82 കോടി രൂപ വിദ്യാഭ്യാസ വായ്‌പ ഇനത്തിലും 379.98 കോടി രൂപ ഹൗസിങ് ലോൺ ഇനത്തിലും 82.33 കോടി മറ്റിനങ്ങളിലും വായ്‌പ നൽകിയിട്ടുണ്ട്. പ്രധാന മന്ത്രി മുദ്ര യോജന പദ്ധതിയുടെ ഭാഗമായി 572.23 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.

യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഹെഡ് സി. ജെ.മഞ്ജുനാഥസ്വാമി, റിസർവ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ പി. അശോക്, നബാർഡ് ഡി. ഡി. എം അജീഷ് ബാലു, ലീഡ് ബാങ്ക് മാനേജർ പി. ഡി മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.