ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കും നവസംരംഭകര്‍ക്കുമായി അടിമാലി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചക്ക് പരിഹാരമായി വിളകള്‍ക്ക് ന്യായമായ വില ലഭിക്കുന്ന ഓണ്‍ലൈന്‍ വിപണി കണ്ടെത്താന്‍ കര്‍ഷകരെയും നവസംരംഭകരെയും പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. മനുഷ്യന് വയറും വിശപ്പും ഉള്ളടത്തോളം കാലം കൃഷി നിലനില്‍ക്കുമെന്നും വ്യവസായത്തിനൊപ്പം കൃഷിയും നിലനില്‍ക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും ശില്‍പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പുതിയ കാലത്തെ സാധ്യതകളും സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി ജീവിതത്തില്‍ മുന്നേറാന്‍ കര്‍ഷകരെ സഹായിക്കാന്‍ ഇത്തരം ശില്‍പശാലകള്‍ക്ക് കഴിയും. ഈ ഐ.ടി. കാലത്തെ മാര്‍ക്കറ്റിങ് എന്ന് പറഞ്ഞാല്‍ കടമുറിയല്ല. കമ്പ്യൂട്ടറും നിങ്ങളുടെ കയ്യിലുള്ള മൊബൈല്‍ ഫോണുമൊക്കെയാണ്. അവയെ പരമാവധി ഉപയോഗപ്പെടുത്തി വിപണി കണ്ടെത്താന്‍ കര്‍ഷകര്‍ക്ക് കഴിയണം- അദ്ദേഹം പറഞ്ഞു.
നൂതന കാര്‍ഷിക കണ്ടുപിടിത്തത്തിന് കൊളംബോ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മാതൃക കര്‍ഷകന്‍ ചെറുകുന്നേല്‍ ഗോപിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആദരിക്കുകയും ഫലകം സമ്മാനിക്കുകയും ചെയ്തു. തുടന്ന് മറുപടി പ്രസംഗത്തില്‍ ചെറുകുന്നേല്‍ ഗോപി തന്റെ കാര്‍ഷിക അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.
കൃഷി വകുപ്പ് പദ്ധതികളെക്കുറിച്ച് പ്രൊജക്ട് ഡയറക്ടര്‍ ആന്‍സി തോമസ് സംസാരിച്ചു. കാര്‍ഷിക ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങളെക്കുറിച്ച് കാര്‍ഷിക വകുപ്പ് മാര്‍ക്കറ്റിങ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ പമീല വിമല്‍രാജ് വിശദീകരിച്ചു. പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി കോ ഓര്‍ഡിനേറ്റര്‍ ബിനല്‍ മാണി ശില്‍പശാല നയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴിയും ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ഇന്‍ഡ്യാമാര്‍ട്ട് പോലുള്ള പ്ലാറ്റ് ഫോമുകള്‍ വഴിയും കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് അദ്ദേഹം ക്ലാസില്‍ വിശദീകരിച്ചു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങില്‍ വിജയിച്ചവരുടെ പ്രചോദനാത്മക ജീവിതകഥകളും ക്ലാസില്‍ അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കര്‍ഷകരുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. കര്‍ഷകര്‍ അവരുടെ കാര്‍ഷിക, സംരംഭ അനുഭവങ്ങള്‍ പങ്കുവെച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്തംഗം സോളി ജീസസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത ആര്‍. എന്നിവര്‍ ആശംസയര്‍പ്പിച്ചു. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ യാസിര്‍ ടി. എ. നന്ദി പറഞ്ഞു.