ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഉടുമ്പന്‍ചോല താലൂക്ക് വ്യവസായ ഓഫീസിന്റെയും കട്ടപ്പന മുനിസിപ്പാലിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന-വിപണനമേള ‘യേ എക്‌സ്‌പോ 2022’ (വൈ.ഇ-സംരംഭകവര്‍ഷ പ്രദര്‍ശനം) കട്ടപ്പന നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ജോസ് ആനിത്തോട്ടം അധ്യക്ഷത വഹിച്ചു.

കട്ടപ്പന മുനിസിപ്പാലിറ്റി ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍ മുപ്പതിലധികം സംരംഭക സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സാങ്കേതിക ശില്‍പ്പശാല, സംരംഭക ബോധവല്‍ക്കരണ പരിപാടികള്‍, സംരംഭകത്വ ഹെല്‍പ് ഡെസ്‌ക്, ക്രിസ്തുമസ് കേക്ക് മേള എന്നിവയും ഒരുക്കിയിട്ടുണ്ട്.

”വളരുന്ന സാങ്കേതിക വിദ്യയും ആധുനിക വിപണന സാധ്യതകളും” എന്ന വിഷയത്തില്‍ ഡിസംബര്‍ 21, 22 തീയതികളില്‍ സാങ്കേതിക ശില്‍പശാല സംഘടിപ്പിക്കും. ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സി. ജയ ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ സാഹില്‍ മുഹമ്മദ് അധ്യക്ഷത വഹിക്കും. ആധുനിക പാക്കേജിംഗ് സാങ്കേതിക വിദ്യ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, എക്‌സ്‌പോര്‍ട്ടിങ് നടപടികള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ശില്‍പശാല. ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. രാവിലെ 9.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.

ഉദ്ഘാടന ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍മാരായ ബെന്നി കുര്യന്‍, സിജോ ചക്കുമൂട്ടില്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ വിശാഖ് പി എസ്, വ്യവസായ വികസന ഓഫീസര്‍ ജിബിന്‍ കെ ജോണ്‍, വ്യവസായ വകുപ്പിലെ മറ്റു ഉദ്യോഗസ്ഥര്‍, പഞ്ചായത്തുകളിലെ വ്യവസായ വകുപ്പ് ഇന്റേണുകള്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍മാരായ ഷൈനി ജിജി, രത്‌നമ്മ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.